Site iconSite icon Janayugom Online

റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീമില്‍

യൂറോ കപ്പ് 2024 യോഗ്യ­താ മത്സരങ്ങൾക്ക് വേണ്ടിയുള്ള പോര്‍ച്ചുഗല്‍ ടീമില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഉള്‍പ്പെടുത്തി. ലെചെസ്റ്റെയ്നിനും ലക്സംബര്‍ഗിനെതിരെയുമുള്ള ടീമിലാണ് 38കാരനായ റൊണാള്‍ഡോയെ ഉള്‍പ്പെടുത്തിയത്. ഡിയാഗോ ജോട്ടയെയും 40കാരനായ ഡിഫന്‍ഡര്‍ പെപ്പെയെയും മാര്‍ട്ടിനെസ് ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. 23 നാണ് ടീമിന്റെ ആദ്യ മത്സരം.

ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയോട് തോറ്റ് പു­റത്തായശേഷം റൊണാള്‍ഡോയുടെ രാജ്യാന്തര കരിയര്‍ സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ലോകകപ്പില്‍ പല മ­ത്സരങ്ങളിലും മുന്‍ പരിശീലകനായിരുന്ന ഫെ­ര്‍ണാണ്ടോ സാന്റോസ് റൊണാള്‍ഡോയെ പ്ലേയിങ് ഇലവനില്‍ കളിപ്പിച്ചിരുന്നില്ല. ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് തോറ്റ് പോർച്ചുഗൽ പുറത്തായതോടെ പരിശീലകനായിരുന്ന ഫെർണാണ്ടോ സാന്റോസ് സ്ഥാനമൊഴിഞ്ഞിരുന്നു. തു­ടർന്ന്, ആ സ്ഥാനത്തേക്കാണ് മുൻ ബെൽജിയം പരിശീലകനായിരുന്ന റോ­ബർട്ടോ മാർട്ടിനെസ് സ്ഥാനമേൽക്കുന്നത്.

റാഫേൽ ലിയോ, ജാവോ ഫെലിക്സ്, ബ്രൂണോ ഫെർണാണ്ടസ് തുടങ്ങിയ താരങ്ങളും സ്‌ക്വാഡിൽ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. 2003 ഓഗസ്റ്റില്‍ ആദ്യമായി പോര്‍ച്ചുഗല്‍ കുപ്പായമണിഞ്ഞ റൊണാള്‍ഡോ രാജ്യത്തിനായി 118 ഗോളുകള്‍ നേടി റെക്കോഡിട്ടു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമാണ് റൊണാള്‍ഡോ. നിലവിൽ സൗദി അറേബ്യയിൽ പ്രൊ ലീഗ് ക്ല­ബ്ബ് അൽ നാസറിന്റെ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

Eng­lish Sum­ma­ry: Ronal­do in the Por­tu­gal team
You may also like this video

Exit mobile version