Site iconSite icon Janayugom Online

യൂട്യൂബ് ചാനല്‍ തുടങ്ങി റൊണാള്‍ഡോ

ലോക റെക്കോഡുകള്‍ പലതും തന്റെ പേരില്‍ കുറിച്ചിട്ടുള്ള പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സമൂഹമാധ്യമങ്ങളിലും ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുമായി മുന്‍പന്തിയിലാണ്. ഇപ്പോഴിതാ യൂട്യൂബിലും ഒരു കൈ നോക്കാന്‍ ഇറങ്ങിയിരിക്കുകയാണ് റൊണാള്‍ഡോ. യുആര്‍ ക്രിസ്റ്റ്യാനോ എന്ന പേരിലാണ് റൊണാള്‍ഡോ പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. യൂട്യൂബ് ചാനല്‍ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ 10 ലക്ഷം സബ്‌സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയ റൊണാള്‍ഡോ യൂട്യൂബിന്റെ ചരിത്രത്തില്‍ തന്നെ അതിവേഗം ഈ നേട്ടം സ്വന്തമാക്കുന്ന വ്യക്തിയായി. 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു കോടി സബ്‌സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയ റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ യൂട്യൂബറുമാണ്. 

‘ദ വെയ്റ്റ് ഈസ് ഓവര്‍, അവസാനമിതാ എന്റെ യൂട്യൂബ് ചാനല്‍ ഇവിടെ! ഈ പുതിയ യാത്രയില്‍ എന്നോടൊപ്പം ചേരൂ, ‘സ്യൂബ്സ്ക്രൈബ്’ (SIU­U­Ub­scribe) ചെയ്യൂ’- ക്രിസ്റ്റ്യാനോ കുറിച്ചു. സാമൂഹിക മാധ്യമത്തിലെ വിവിധ പ്ലാറ്റ്‌ഫോമുകളിലായി 917 മില്യണ്‍ ഫോളോവേഴ്സാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്. ഓരോ സെക്കന്‍ഡിലും ആയിരക്കണക്കിന് പേരാണ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തുകൊണ്ടിരിക്കുന്നത്. എക്സിൽ മാത്രം സൂപ്പർതാരത്തിന് 112.5 മില്യനിലധികം ഫോളോവേഴ്സുണ്ട്. ഫേസ്‌ബുക്കിൽ 170 മില്യനിലധികവും ഇൻസ്റ്റഗ്രാമിൽ 636 മില്യനിലധികവുമാണ് സൂപ്പർതാരത്തിന്റെ ഫോളോവേഴ്സ്. ആദ്യ ദിനം ടീസറുകളും വീഡിയോകളും പങ്കുവച്ച റൊണാള്‍ഡോ മണിക്കൂറുകള്‍ക്കകം തന്റെ ചാനലിന് യൂട്യൂബ് നല്‍കിയ ഗോള്‍ഡൻ പ്ലേ ബട്ടന്‍ മക്കള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇങ്ങനെയാണ് പോകുന്നതെങ്കില്‍ സില്‍വറും ഗോള്‍ഡും ഡയമണ്ടും റെഡും ഡയമണ്ടുമെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ റൊണാള്‍ഡോ സ്വന്തമാക്കും.

Exit mobile version