Site iconSite icon Janayugom Online

റൊണാള്‍ഡോയ്ക്ക് 22ന് സൗദി അരങ്ങേറ്റം

അല്‍ നസര്‍ ജഴ്‌സിയണിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കളത്തിലിറങ്ങുന്നതു കാണാന്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരില്ല. ഈ മാസം 22 ന് റൊണാള്‍ഡോ അരങ്ങേറുമെന്ന് ക്ലബ്ബ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. റൊണാള്‍ഡോയെ സൗദി ഫുട്‌ബോള്‍ ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വെള്ളിയാഴ്ചയാണ് അല്‍നസറിന് സാധിച്ചത്. പരമാവധി പരിധിയായ എട്ട് വിദേശ കളിക്കാര്‍ അല്‍നസറിലുണ്ടെന്നതിനാല്‍ ഒരാളെ ഒഴിവാക്കാനായി കാത്തിരിക്കേണ്ടി വന്നു. ഉസ്‌ബെക്കിസ്ഥാന്‍ മിഡ്ഫീല്‍ഡര്‍ ജലാലുദ്ദീന്‍ മഷാരിപോവിനെ ഒഴിവാക്കുമെന്നാണ് കരുതിയത്. എന്നാല്‍ കാമറൂണ്‍ സ്‌ട്രൈക്കര്‍ വിന്‍സന്റ് അബുബക്കറിനെയാണ് ഒഴിവാക്കിയത്. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പ്രതീക്ഷിച്ചതിലും നീണ്ടു. ഉഭയസമ്മതപ്രകാരമാണ് കരാര്‍ റദ്ദാക്കിയതെന്ന് അന്നസര്‍ അറിയിച്ചു. റൊണാള്‍ഡോക്കു പകരക്കാരനായി അബുബക്കര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.

രജിസ്റ്റര്‍ ചെയ്ത ശേഷം റൊണാള്‍ഡോ രണ്ടു കളികളില്‍ സസ്‌പെന്‍ഷന്‍ അനുഭവിക്കണം. നവംബറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലായിരിക്കെ ലഭിച്ച സസ്‌പെന്‍ഷന്‍ പുതിയ ക്ലബ്ബില്‍ റൊണാള്‍ഡോ പൂര്‍ത്തിയാക്കണം. അല്‍താഇക്കെതിരായ വെള്ളിയാഴ്ചയിലെ മത്സരം കൂടി സസ്‌പെന്‍ഷനായി പരിഗണിച്ചു. 14 ന് അല്‍ ഷബാബിനെതിരായ കളിയില്‍ കൂടി റൊണാള്‍ഡോക്ക് കളിക്കാനാവില്ല. 22 ന് അല്‍ഇത്തിഫാഖിനെതിരെ ഇറങ്ങാം. 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സാക്ഷിയാക്കിയാണ് അന്നസര്‍ ഹോം മത്സരത്തില്‍ അല്‍താഇയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് തോല്പിച്ചത്. ബ്രസീല്‍ താരം ടാലിസ്‌കയാണ് രണ്ടു ഗോളുമടിച്ചത്. ജയത്തോടെ അല്‍ നസറിന് 12 കളികളില്‍ 29 പോയിന്റായി. ഈ സീസണിലെ എട്ടാം ജയം കൂടിയാണ് അല്‍ നസര്‍ സ്വന്തമാക്കിയത്. 

Eng­lish Summary;Ronaldo will make his Sau­di debut on the 22nd

You may also like this video

Exit mobile version