ഗുജറാത്തിലെ പവാഗധിൽ റോപ് വേ പൊട്ടിവീണുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. കാലിക മാത ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾക്കായി സാധനങ്ങൾ കൊണ്ടുപോവുന്ന കാർഗോ റോപ് വേയുടെ കേബിൾ മുറിഞ്ഞാണ് അപകടമുണ്ടായത്. നാല് തൊഴിലാളികളും രണ്ട് ലിഫ്റ്റ് ഓപ്പറേറ്റർമാരുമാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം 3.30ഓടെയാണ് അപകടം നടന്നത്. റോപ് വേയുടെ ക്യാബിൻ നിലത്തേക്ക് പതിക്കുകയായിരുന്നു. മൃതദേഹങ്ങൾ കണ്ടെടുത്തതായും പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും പൊലീസ് സൂപ്രണ്ട് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും, എന്തെങ്കിലും അശ്രദ്ധ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

