Site icon Janayugom Online

റോസ്ഗാര്‍ മേളയും തട്ടിപ്പ്; കണക്കുകള്‍ വ്യാജം

രാജ്യത്തെ യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി വാരിക്കോരി നല്‍കിയെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി റോസ്ഗാര്‍ മേളയും ശുദ്ധ തട്ടിപ്പെന്ന് റിപ്പോര്‍ട്ട്. സര്‍വീസിലുള്ള ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം പുതിയ ജോലിയുടെ ഭാഗമായി പെരുപ്പിച്ചുകാട്ടിയാണ് തട്ടിപ്പ്.

2022 മുതല്‍ മാസത്തില്‍ ഒരു ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡി ഓണ്‍ലൈനായി പുതിയ ജോലിയുടെ നിയമന ശുപാര്‍ശ വിതരണം ചെയ്യുന്ന പരിപാടിയാണ് റോസ്ഗാര്‍ മേള. നിലവിലെ ഉദ്യോഗത്തില്‍ പ്രമോഷന്‍ നേടിയവരെ പുതിയ ജോലിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് എണ്ണം പെരുപ്പിക്കുന്നതെന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
റോസ്ഗാര്‍ മേള വഴി തൊഴില്‍ ലഭിച്ചവരെ സംബന്ധിച്ച വിവരാവകാശ മറുപടിയിലാണ് പ്രമോഷന്‍ ലഭിച്ചവരെയും പുതിയ ജോലിക്കാരുടെ പട്ടികയില ആക്കിയുള്ള തട്ടിപ്പിന്റെ വിവരമുള്ളത്. മൊഹാലി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍ (ഐഐഎസ്ഇആര്‍) 15 പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും 21 പേര്‍ക്ക് പ്രമോഷന്‍ നല്‍കുകയും ചെയ്തു. പ്രമോഷന്‍ ലഭിച്ചവര്‍ക്കും റോസ്ഗാര്‍ മേളയുടെ ഭാഗമായി നിയമന ഉത്തരവ് കൈമാറുകയായിരുന്നു.

മൗലാന ആസാദ് നാഷണല്‍ ഉര്‍ദു യുണിവേഴ്സിറ്റിയിലും സമാന സംഭവം അരങ്ങേറി. ഇവിടെ 18 പേര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കി റോസ്ഗാര്‍ മേള വഴി നിയമന അംഗീകാരം നല്‍കുകയായിരുന്നു. സര്‍വീസിലുള്ളവര്‍ക്കാണ് പ്രമോഷനെന്നും അത് പുതിയ ഉദ്യോഗമായി കണക്കാക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നും ഐഐടിയിലെ ഫാക്കല്‍റ്റി അംഗം പറഞ്ഞു. പ്രമോഷന്‍ വഴി പുതിയ ജോലി നല്‍കിയെന്ന് പ്രചരിപ്പിക്കുന്നത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍ ലഭിക്കാതെ രാജ്യത്തെ യുവജനങ്ങള്‍ പരക്കം പായുന്ന വേളയിലാണ് കണ്ണില്‍പ്പൊടിയിടല്‍ തന്ത്രമായി മോഡി ആഘോഷപൂര്‍വം റോസ്ഗാര്‍ മേള നടത്തുന്നത്. എന്നാല്‍ മോഡി ഭരണത്തിലെ ഒമ്പത് വര്‍ഷമാണ് ഇന്ത്യയില്‍ ഏറ്റവും അധികം തൊഴിലില്ലായ്മ രേഖപ്പെടുത്തിയതെന്ന് ഇതിനകം രേഖകള്‍ പുറത്തുവന്നിട്ടുണ്ട്.

Eng­lish sum­ma­ry; Ros­gar Mela is also scam

you may also like this video;

Exit mobile version