തടാകങ്ങളും മുന്തിരിത്തോട്ടങ്ങളും നിറഞ്ഞ, ഷാൻ ഷാക്ക് റൂസ്സോയുടെ നാടിനെക്കുറിച്ചെഴുതി എന്നെ കൊതിപ്പിച്ചത് നടരാജ ഗുരുവാണ്. ചുവന്ന പോപ്പിപ്പൂക്കളും കോൺ ഫ്ലവറിന്റെ നീലപ്പൂക്കളും വിരിച്ചിട്ട പുൽത്തകിടികൾ, ജൂറാസ് ആൽപ്സ് പർവ്വത സാനുക്കളിലെ നീലത്തടകത്തിന്റെ മനോഹാരിത. റോൺ നദിയും, ജനീവാ തടാകവും, പോപ്ലാർ മരങ്ങളും, റൂസ്സോ പ്രതിമ സ്ഥാപിച്ചിട്ടുള്ള സ്മാരക ദ്വീപിനു ചുറ്റുമുള്ള തടാകത്തിൽ നീന്തി നടക്കുന്ന രാജ ഹംസങ്ങളും… മനം മയക്കുന്ന ജനീവ യുടെ വർണ്ണചിത്രം. ‘ഒരു ഗ്രാമീണ വിദ്യാലയം തുടങ്ങുന്നതിനുള്ളപദ്ധതി തയ്യാറാക്കിയപ്പോൾ റൂസ്സോ യുടെവിദ്യാഭ്യാസ തത്വങ്ങളുടെ സ്പർശം അതിനു ഭാരതത്തിലെ പുരാതന ഗുരുകുലങ്ങളുടെ ഒരു ഭാവം നൽകി’ എന്ന് നടരാജഗുരു തന്റെ ആത്മകഥയിൽ പറഞ്ഞിരിന്നു. പാരീസിലെ സോർബോൺ സർവ്വകലാശാലയിൽ നിന്ന് ഡി ലിറ്റ് ബിരുദം നേടിയ ഗുരു അഞ്ച് വര്‍ഷക്കാലം ജനീവയിലെ ഇന്റർനാഷണൽ ഫെലോഷിപ്പ് സ്കൂളിൽ ഫിസിക്സ് അധ്യാപകനായി ജോലി ചെയ്തിരുന്നു. ആധുനിക വിദ്യാഭ്യാസത്തിന്റെ പിതാവായിട്ടാണ് റൂസ്സോയെ ലോകം കാണുന്നത്. വിശ്വോത്തരമായ തത്ത്വ സംഹിതകൾ സമ്മാനിച്ച ചില മഹത്തുക്കളുടെ ജീവിതം, ഒരു നാടകത്തിലെന്നപോലെ വിരോധഭാസം നിറഞ്ഞതായിരിക്കും.
ജനിച്ച്, ഒൻപതാം ദിവസം അമ്മയെ നഷ്ടപ്പെട്ട കുട്ടിയായിരുന്നു റൂസ്സോ. “ജീവിതത്തിലെ ദൗർഭാഗ്യങ്ങളുടെ പരമ്പരയിൽ ആദ്യത്തേത്” എന്ന് റൂസ്സോ പിന്നീട് അതെപ്പറ്റി പറഞ്ഞിട്ടുണ്ട്. വായനയുടെ മായിക ലോകത്തേക്ക് റൂസ്സോയ്ക്ക് വാതിൽ തുറന്നു കൊടുത്തത് അച്ഛനായിരുന്നു. അമ്മയുടെ പുസ്തക ശേഖരത്തിൽ നിന്ന് എല്ലാ രാത്രികളിലും അവനു വേണ്ടി അച്ഛൻ ഇതിഹാസകഥകൾ വായിച്ചു. വായനയുടെ രസം പിടിച്ച്, പലദിവസങ്ങളിലും ആ അച്ഛനും മകനും ഉറങ്ങാൻ മറന്നു. പകൽപ്പക്ഷി ജനാലയിൽ വന്നിരുന്നു പ്രഭാത കാഹളം മുഴക്കുമ്പോഴായിരുന്നു അവർ ഉറങ്ങാൻ കിടന്നത്. പിന്നെ പിന്നെ കൊച്ചു റൂസ്സോ അച്ഛൻ വാച്ചുണ്ടാക്കുമ്പോൾ അച്ഛന് വേണ്ടി വായിച്ചു കൊടുക്കാൻ തുടങ്ങി.
മറ്റൊരാളുമായി നടന്ന വ്യവഹാരത്തിൽ പരാജിതനായി നാട് വിട്ട റൂസ്സോയുടെ അച്ഛൻ പുനർ വിവാഹം നടത്തി. ഇതോടെ പൂർണ്ണമായും അനാഥനായ റൂസ്സോ പല ഉപജീവനോപാധികളും പരീക്ഷിച്ചു പരാജിതനായി. പതിനഞ്ചാമത്തെ വയസ്സിൽ അദ്ദേഹം ജനീവയിൽ നിന്ന് പാരീസിലേക്ക് പോയി, ഒരു കത്തോലിക്ക പുരോഹിതന്റെയടുത്ത് അഭയംതേടി. എങ്കിലും അവിടെ ഒതുങ്ങിനിൽക്കാതെ, വിശാലമായ ഈ ലോകത്ത് അവൻ തന്റെ ഭാഗധേയം തെരഞ്ഞു കൊണ്ടേയിരുന്നു. വായനയിലുള്ള കൗതുകം മാത്രം കൈ മുതലായുണ്ടായിരുന്ന ആബാലൻ സ്വയം വെട്ടിത്തെളിച്ച പന്ഥാവിലൂടെ ജീവിതം കരുപ്പിടിപ്പിച്ചു. ആധുനിക യുറോപ്പിന്റെ സൃഷ്ടിയിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ റൂസ്സോക്ക് കഴിഞ്ഞു. ഗൊയ്ഥേ, പുഷ്കിൻ, ടോൾസ്റ്റോയ്, ഷില്ലർ… അദ്ദേഹത്തിന്റെ രചനകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി സ്വയം സക്ഷ്യപ്പെടുത്തിയിട്ടുള്ള മഹത്തുക്കളുടെ നിര അങ്ങനെ നീളുന്നു. ‘സാമൂഹ്യ ഉടമ്പടി’ (The Social Contract ) എന്ന പേരിൽ റൂസ്സോ 1762 പ്രസിദ്ധീകരിച്ച, രാഷ്ട്രീയസിദ്ധാന്തം, ‘ഫ്രഞ്ച് വിപ്ലവത്തിന്റെ ബൈബിൾ ‘ എന്നാണറിയപ്പെടുന്നത്. ‘മനുഷ്യൻ സ്വതന്ത്രനായ് പിറക്കുന്നു എന്നാൽ എല്ലായിടത്തും അവൻ ബന്ധനസ്ഥനാണ്’ എന്ന അതിലെ വാചകം പ്രസിദ്ധമാണ്.
ശിശു കേന്ദ്രീകൃതമായ വിദ്യാഭ്യാസത്തെക്കുറിച്ചു അദ്ദേഹം പങ്കുവെച്ച ആശയങ്ങളെ പിൽക്കാലത്ത് മികച്ച വിദ്യാഭ്യാസ വിചക്ഷണർ എന്ന് ഖ്യാതി നേടിയ മരിയ മോണ്ടിസ്സോറിയുൾപ്പടെ നിരവധി പേർ അവലംബിച്ചിട്ടുണ്ട്. പക്ഷെ രണ്ടു നൂറ്റാണ്ടുകൾക്കിപ്പുറം, വിദ്യാഭ്യാസത്തെക്കുറിച്ച് അദ്ദേഹം എഴുതിയ ‘എമീൽ’ എന്ന പ്രാമാണിക ഗ്രന്ഥത്തിലെ സ്ത്രീ വിരുദ്ധത ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. റുസ്സോ എഴുതുന്നു: ഓരോ വ്യക്തിക്കും ജന്മ വാസനകൾ പരിപോഷിപ്പിക്കാനുതകുന്ന തരത്തിലാണ് വിദ്യാഭ്യാസം നൽകേണ്ടത്. പുരുഷന്റെ ഓരോ ജീവിതഘട്ടങ്ങൾക്കനുസരിച്ചു അവരെ വേണ്ട വിധത്തിൽ ശ്രദ്ധിച്ചു വളർത്തുകയും, പരിചരിക്കുകയും സ്നേഹിക്കുകയും സന്തോഷി പ്പിക്കുകയും ചെയ്യുന്നതാണ് സ്ത്രീകൾക്കുള്ള ജോലി. അതിനനുസരിച്ചുള്ള വിദ്യാഭ്യാസമാണ് സ്ത്രീകൾക്ക് നൽകേണ്ടത്. അതിനാൽ അവർക്ക് ബാല്യകാലത്ത് വിദ്യാഭ്യാസം നൽകേണ്ട കാര്യമില്ല. എന്നാണ് അദ്ദേഹം നിർദ്ദേശിച്ചത്. മാത്രമല്ല സ്ത്രീക്കുള്ള വിദ്യാഭ്യാസ പദ്ധതികൾ സ്വതന്ത്രമായി അവർക്ക് കൊടുക്കുകയല്ല വേണ്ടത്, എപ്പോഴും ആണിനോടു ബന്ധപ്പെടുത്തിവേണം തീരുമാനിക്കാൻ. ഇത് നടപ്പായാൽ സ്ത്രീ സമൂഹം പുരുഷന്റെ സുഖ ഭോഗ വസ്തു മാത്രമായി അധപ്പതിച്ചു പോകും എന്ന അപകടം തിരിച്ചറിഞ്ഞ് ഈ സ്ത്രീ വിവേചന നിലപാടിനെതിരെ അക്കാലത്ത് ശക്തമായി മുന്നോട്ടു വന്ന മേരി വോൾസ്റ്റോൺ ക്രാഫ്റ്റ് എന്ന വനിതയെ സ്ത്രീ സമൂഹത്തിനു മറക്കാനാകില്ല. 1792 ൽ അവർ പ്രസിദ്ധീകരിച്ച ‘എ വിൻഡിക്കേഷൻ ഓഫ് ദി റയ്റ്റ്സ് ഓഫ് വിമെൻ’ (A Vindication of the Rights of Women) റൂസ്സോക്കുള്ള മറുപടി മാത്രമായിരുന്നില്ല സ്ത്രീയുടെ കഴിവുകളെ ഭയപ്പാടോടെ കാണുകയും, സ്ത്രീ ശാക്തീകരണം ബോധപൂർവ്വം ഒഴുവാക്കുകയും ചെയ്തു വന്ന സമൂഹ മനസ്സാക്ഷിക്കു നൽകിയ പ്രഹരം കൂടിയായിരുന്നു.
അതിനിടയിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യം അവശേഷിക്കുന്നു. റൂസ്സോ തനിക്കുണ്ടായ അഞ്ചു കുട്ടികളെയും ജനിച്ചയുടനെ തന്നെ അനാഥാലയത്തിൽ നൽകിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പത്ത് വർഷങ്ങൾക്ക് ശേഷം കുട്ടികളെ തെരഞ്ഞെത്തിയ റൂസ്സോയ്ക്ക് തന്റെ കുട്ടികളെക്കുറിച്ചുള്ള യാതൊരു രേഖയും കണ്ടെത്താനായില്ല. കുഞ്ഞുങ്ങളുടെ ജന്മ വാസനകൾ പരിപോഷിപ്പിക്കുന്നതിനായി അദ്ദേഹം എഴുതിയ സിദ്ധാന്തങ്ങൾ ലോകം അപ്പോള്‍ ആഘോഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം എഴുതിയ അതി ബൃഹത്തായ തന്റെ ആത്മകഥയ്ക്ക് ‘കുറ്റ സമ്മതം’ (Confessions) എന്ന് പേരിട്ടിരിക്കുന്നത് അർത്ഥവത്തായിതോന്നി.
തെരേസ് ലാവോസിയെയായിരുന്നു റൂസ്സോയുടെ കുട്ടികളുടെ അമ്മ. 1745 ലാണ് റൂസ്സോ ഒരു ഹോട്ടൽ തൊഴിലാളിയായിരുന്ന തെരേസ് നെ കണ്ടുമുട്ടുന്നത്. 1746 നും 1752നുമിടയിൽ 5 കുട്ടികൾ ജനിച്ചെങ്കിലും ഒരാളെപ്പോലും വീട്ടിൽ വളർത്താതെ വയറ്റാട്ടിയെക്കൊണ്ട് തന്നെ അനാഥാലയത്തിൽ എല്പ്പിക്കുകയായിരുന്നെന്നു വോൾട്ടയറെപ്പോലുള്ളവര്‍ ആരോപിച്ചത് സത്യമായിരുന്നെന്നു ‘കുറ്റ സമ്മതം’ സാക്ഷ്യപ്പെടുത്തുന്നു. വീട്ടുജോലിക്കാരിഎന്ന പേരിൽ വീട്ടിൽ താമസിപ്പിച്ച തെരേസിന്റെ അഭിമാനം കരുതിയാണ് കുട്ടികളെ അനാഥ ലയത്തിലേൽപ്പിച്ചതെന്നു ആദ്യം പറഞ്ഞെങ്കിലും പിന്നീട് നൽകിയ വിശദീകരണം നല്ല രീതിയിൽ വളർന്നു വന്നിട്ടില്ലാത്ത ഒരു കുടുംബത്തിൽ ആ കുട്ടികൾ വളരുന്നത് തനിക്കു ഭീതി ജനകമായി തോന്നി എന്നാണ്. 3000ത്തിലധികം അനാഥക്കുട്ടികൾപ്പം അവർ വളർന്നത് അതിനേക്കാൾ എത്രയോ പരിതാപകരമായിരുന്നിരിക്കും. 1745 മുതൽ 1778 ൽ റൂസ്സോ മരിക്കുന്നത് വരെ താങ്ങും തണലുമായ് ഒപ്പം താമസിച്ച ആ സ്ത്രീയെ, നീയമ സാധുത യില്ലാത്തതെങ്കിലും ഒരു വിവാഹ ചടങ്ങ് നടത്തിയത് 1768 ലാണ്. ഒരു വലിയ കുടുംബത്തിന്റെ അത്താണിയായിരുന്ന തെരേസിനെ വീട്ടുകാർ ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് റൂസ്സോയുടെ പക്ഷം. അവർ ഒരു ബുദ്ധികുറഞ്ഞ സ്ത്രീയായിരുന്നെന്നും റൂസ്സോ പറഞ്ഞിട്ടുണ്ട്. പറയി പെറ്റ പന്തിരുകുലം പോലെ ആൾക്കൂട്ടത്തിനിടയിൽ റൂസ്സോയുടെ തായ് വഴികൾ തലമുറകളിലൂടെ അജ്ഞാത സഞ്ചാരം നടത്തുന്നുണ്ടാകാം.