Site iconSite icon Janayugom Online

പാര്‍ലമെന്റാണ്; ഏകാധിപത്യയുടെ രാജധാനിയല്ല

സര്‍ക്കാരിന് സംവിധാനങ്ങളുണ്ടെന്നിരിക്കെ സ്വകാര്യ കുത്തക കമ്പനിക്ക് നിര്‍മ്മാണ കരാര്‍ നല്‍കി പൂര്‍ത്തിയാക്കി ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം 28ന് ഉദ്ഘാടനം ചെയ്യുകയാണ്. 2020 ഡിസംബര്‍ 10ന് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെയാണ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുന്നത്. നൂറ് വര്‍ഷം പഴക്കം ചെന്ന ഒരു കെട്ടിടം ബലപ്പെടുത്തുകയോ പുതുതൊന്ന് സ്ഥാപിക്കുകയോ ചെയ്യേണ്ടത് അനിവാര്യമാണ്. അത്തരം ഒരു ആശയം മോഡി സര്‍ക്കാര്‍ സ്വീകരിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രമേയം വഴി പാസാക്കി. പാര്‍ലമെന്റിന് പുതിയൊരു മന്ദിരം പണിതു. അതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുന്നു. കേട്ടാല്‍ ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ പ്രവര്‍ത്തകര്‍ക്ക് അസ്വഭാവികത തോന്നിയേക്കില്ല. പക്ഷെ, അതില്‍ അസ്വഭാവികത മാത്രമല്ല, രാജ്യത്തോട് കാണിക്കുന്ന, ഭരണഘടനയോട് ചെയ്യുന്ന നെറികേടുണ്ട്. അതാണ് ഇന്ത്യ ഈ നാളുകളില്‍ ചര്‍ച്ചചെയ്യുന്നത്.

പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് ജനാധിപത്യ രാജ്യത്തിന്റെ പരമോന്നത പീഠത്തിലുള്ള പ്രസിഡന്റ് ആണെന്ന പ്രസ്താവനകള്‍ കേവലം രാഷ്ട്രീയമല്ല. ഭരണഘടനാ പ്രകാരം റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ പരമോന്നത നിയമനിർമ്മാണ സ്ഥാപനമായ പാർലമെന്റിന്റെ അധികാരം ഇന്ത്യൻ രാഷ്ട്രപതിയിലാണ്. ലോക്‌സഭയുടെ നാഥനായ സ്പീക്കറും ഉപരിമണ്ഡലമായ രാജ്യസഭയുടെ ചെയര്‍മാനായ ഉപരാഷ്ട്രപതിയുമാണ് പ്രസിഡന്റ് കഴിഞ്ഞാല്‍ അവിടെ അധികാരത്തിന്റെ അടുത്ത തട്ടില്‍ നില്‍ക്കുന്നത്. ഈ അധികാര പ്രക്രിയ എങ്ങനെയാണ് ഭരണഘടനയില്‍ വിവരിക്കുന്നത് എന്ന് പഠിച്ചിരിക്കേണ്ട, അറിഞ്ഞിരിക്കേണ്ട ആളാണ് സ്പീക്കര്‍ കസേരയില്‍ ഇരിക്കേണ്ടത്. ബിജെപിയുടെ പ്രതിനിധി എന്ന നിലയില്‍ സ്പീക്കര്‍ ഓംപ്രകാശ് ബിര്‍ള അത് എത്രത്തോളം പാലിക്കപ്പെടും എന്നത് തലപുകഞ്ഞ് ആലോചിക്കേണ്ട ഒന്നല്ല.

എന്നാല്‍ നരേന്ദ്രമോഡി എന്ന രാഷ്ട്രീയ നേതാവിന്റെ അനുയായി ആയ ഓംപ്രകാശ് ബിര്‍ള ഔദ്യോഗിക നടപടി പ്രകാരം ഒരു കത്തിടപാട് നടത്തി. സ്പീക്കര്‍ എന്ന നിലയില്‍ പ്രധാനമന്ത്രിയായ വ്യക്തിക്ക് നല്‍കിയ ഔദ്യോഗിക കത്ത്. ക്ഷണക്കത്ത് എന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ‘പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം ഇപ്പോള്‍ പൂര്‍ത്തിയായി. പുതിയ കെട്ടിടം നമ്മുടെ സ്വന്തം ആത്മാവിന്റെ പ്രതീകമാണ്. മന്ദിരം അങ്ങ് ഉദ്ഘാടനം ചെയ്യണം’. ഈ വാക്കുകള്‍ നേരില്‍ക്കണ്ടും സ്പീക്കര്‍ പ്രധാനമന്ത്രിയോട് പറഞ്ഞിട്ടുണ്ട്, ക്ഷണിച്ചിട്ടുണ്ട്. സ്പീക്കര്‍ക്ക് രാഷ്ട്രപതി ഭവനിലേക്കുള്ള വഴിയറിയാതെ അല്ല. പ്രോട്ടോക്കോള്‍ എന്താണ് എന്ന് മനസിലാകാതെയുമാവില്ല. അതാണ് മോഡിയുടെ രാഷ്ട്രീയ അല്പത്തം. ഇവിടെ വെറും പ്രോട്ടോക്കോള്‍ ലംഘനമല്ല നടന്നിരിക്കുന്നത്. ഭരണഘടനാപരമായ നിര്‍വചനങ്ങള്‍ തന്നെ ലംഘിക്കപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്. ഇതില്‍ നടന്നിരിക്കുന്നത് കൃത്യമായ രാഷ്ട്രീയ ആസൂത്രണമാണ്.

2022ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന സുദിനത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഒരു ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം നാടിന് സമര്‍പ്പിക്കുന്ന ചടങ്ങ് നടക്കുന്നത് അഭിമാനകരം തന്നെ. എന്നാല്‍ ആ തീരുമാനം നരേന്ദ്രമോഡി സര്‍ക്കാര്‍ നീട്ടിവലിച്ചു. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഉദ്ഘാടന തീയതി, ഇന്ത്യയൊട്ടാകെ വെറുക്കുന്ന, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരപോരാട്ടത്തെ ഒറ്റുകൊടുത്ത ഹിന്ദുത്വത്തിന്റെ സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കറുടെ ജന്മദിനത്തിന്റേതാണ്. അടുത്ത സ്വാതന്ത്ര്യദിനത്തിന് ഇനിയധികം നാളുകളില്ല. അത്തരമൊരു മാന്യത മോഡി ഭരണകൂടത്തില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും ഭരണഘടനയെയും അത്രത്തോളം വെറുക്കുന്ന സംഘ്പരിവാരം സവര്‍ക്കറുടെ പേരുപോലും പാര്‍ലമെന്റിന് നല്‍കുമോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനുമാവില്ല. ഇന്ത്യന്‍ സ്വാതന്ത്യത്തിനും ഇന്ത്യയുടെ ഭരണഘടനയ്ക്കും ദേശീയ പതാകയ്ക്കും ദേശീയ ചിഹ്നത്തിനുമൊക്കെയുള്ള പ്രാധാന്യവും അത് തരുന്ന വികാരവും ആര്‍എസ്എസിനില്ല. ബിജെപി ചുമക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കും കാണില്ല.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിനുമുന്നില്‍ സ്ഥാപിച്ച അശോകസ്തംഭത്തിന്റെ കഥ ആരും മറക്കരുത്. അതിലെ സിംഹത്തിന്റെ മുഖത്തെ ആത്മവിശ്വാസം സ്ഫുരിക്കുന്നതും പ്രൗഢവുമായ ഭാവം മാറി രൗദ്രഭാവത്തില്‍ പുതുക്കി എന്നത് ഗൗരവത്തോടെയാണ് രാജ്യം വീക്ഷിച്ചത്. നരഭോജിയെന്ന് തോന്നിക്കും വിധമാണ് സിംഹത്തെ കൊത്തിവച്ചിരിക്കുന്നത്. രാജ്യമൊന്നടങ്കം വിമര്‍ശിച്ചിട്ടും തെല്ലുപോലും കൂസലില്ലാതെ, മന്ത്ര ജപങ്ങള്‍ക്കിടയില്‍ പൂജാ പുഷ്ചങ്ങള്‍ സമര്‍പ്പിച്ച് ആ രൂപമാറ്റം വരുത്തിയ ദേശീയ ചിഹ്നം നരേന്ദ്രമോഡി തന്നെ അനാച്ഛാദനം ചെയ്തു. പ്രതിപക്ഷമോ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ഇല്ലെന്ന മട്ടിലാണ് നരേന്ദ്രമോഡിയും ബിജെപിയും അധികാരത്തിലൂടെ സഞ്ചരിക്കുന്നത്. അതുതന്നെ ഏകാധിപത്യത്തിന്റെ വരവ് സൂചിപ്പിക്കുന്നുണ്ട്.

മോഡിയുടെയും ആര്‍എസ്എസിന്റെയും ഉന്നം ഇന്ത്യയെ രാമരാജ്യം ആക്കുക എന്നതാണ്. ഗാന്ധി സ്വപ്നം കണ്ട രാമ രാജ്യമല്ല മോഡിയുടെയും സംഘ്പരിവാറിന്റെയും ഉള്ളിലുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ മോഡിക്കും സംഘ്പരിവാറിനും വിഭിന്ന ചിന്തയുണ്ടെന്ന് നിരീക്ഷിക്കാനുമാവും. മോഡിയുടേത് ഏകാധിപതി എന്ന അധികാര ലക്ഷ്യത്തിലൂന്നിയതാണ്. സംഘ്പരിവാറിന്റേത് ഹിന്ദുത്വ എന്ന ഇതര മതവിരോധത്തിലൂന്നിയതും. രണ്ടും ചേര്‍ത്തുകെട്ടിക്കൊണ്ടുപോകാന്‍ മോഡിക്കും സംഘ്പരിവാറിനും കഴിയുമെന്നത് സമ്പത്തിനെ ആശ്രയിച്ചുള്ള ഒന്നാണ്. പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മ്മാണം വഴി സ്വരുക്കൂട്ടിയ അഴിമതി പണത്തിന്റെ കഥകള്‍ പിന്നാലെ വരുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. ഇരുപതിനായിരം കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയിലൂടെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം യാഥാര്‍ത്ഥ്യമാക്കുന്നത്. തന്റെ ഏകാധിപത്യ ലോകത്തിന്റെ രാജധാനിയായി പുതിയ പാര്‍ലമെന്റിനെ സ്വപ്നം കാണുന്ന നരേന്ദ്രമോഡിയെ സംഘ്പരിവാരത്തെ നിയന്ത്രിക്കുന്ന ആചാര്യ‑സന്ന്യാസ വര്യര്‍ കൈവിടില്ലെന്നത് പണാധികാരത്തിന്റെ അടിസ്ഥാനത്തിലുള്ള വസ്തുതയാണ്. ഇതിനെയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യവും ഇന്ത്യന്‍ ജനതയും നേരിടേണ്ടത്. ഇന്ത്യന്‍ പാര്‍ലമെന്റ് ഇവിടത്തെ ജനങ്ങളുടേതാവണം. അതിനായി പൊരുതണം. ഒരിക്കലും ഏകാധിപതിയുടെ രാജധാനിയാക്കി മാറ്റാന്‍ അനുവദിക്കരുത്.

Eng­lish Sam­mury: new Par­lia­ment build­ing inauguration

Exit mobile version