Site iconSite icon Janayugom Online

രാജകീയം ബാഴ്സലോണ; രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം നാലടിച്ച് തിരിച്ചുവരവ്

വിജയമുറപ്പിച്ച് രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നിന്ന അത്‌ലറ്റിക്കോ മാഡ്രിഡിന് പെട്ടെന്നായിരുന്നു ബാഴ്സലോണയുടെ ഷോക്ക്. സ്പാനിഷ് ലാലിഗയില്‍ ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാഴ്സലോണയുടെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും പ്രതിരോധത്തിലാണ് മികവ് കാട്ടിയത്. 45-ാം മിനിറ്റിൽ ഹൂലിയൻ അൽവാരസിലൂടെ അത്‌ലറ്റിക്കോ മുന്നിലെത്തി. ജൂലിയാനോ സിമിയോണിയുടെ അസിസ്റ്റിലായിരുന്നു ഗോൾ. അന്റോണിയോ ​ഗ്രീസ്മാന്റെ പാസ് ജൂലിയാനോ സിമിയോണി, ഹൂലിയൻ അൽവാരസിന് കൈമാറി. സീസണിൽ എട്ടാം തവണയാണ് അൽവ വാരസ് അത്‍ലറ്റിക്കോയ്ക്കായി ആദ്യ ​ഗോൾ നേടുന്നത്. ബാഴ്സയ്ക്കായി ഒമ്പത് തവണ ആദ്യ ​ഗോൾ നേടിയ റോബർട്ട് ലെവൻഡോവ്സ്കിയാണ് ഈ നേട്ടത്തിൽ മുന്നിൽ. 70-ാം മിനിറ്റിൽ വലകുലുക്കി ഷോറോലോത്ത് അത്‌ലറ്റിക്കോയുടെ ലീഡുയർത്തി.

രണ്ട് മിനിറ്റിനുള്ളിൽ ബാഴ്സയുടെ മറുപടി. ഇനിഗോ മാർട്ടിനസിന്റെ തകർപ്പൻ അസിസ്റ്റിൽ ലെവന്‍ഡോവ്‌സ്‌കിയുടെ ക്ലിനിക്കൽ ഫിനിഷ്. 78-ാം മിനിറ്റിൽ റാഫീ­ഞ്ഞയുടെ ക്രോസിന് തലവച്ച് ഫെറാൻ ടോറസ് ബാഴ്സയ്ക്കായി സമനിലപിടിച്ചു. 90 മിനിറ്റ് കടന്നപ്പോള്‍ സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തില്‍ ബാഴ്സയ്ക്കായി വിജയ ഗോൾ നേടിയത് ലാമിനെ യമാലാണ്. പെഡ്രിയുടെ കാലിൽ നിന്ന് പന്തേറ്റുവാങ്ങി പോസ്റ്റിന് വെളിയിൽ നിന്ന് ഗോൾവല ലക്ഷ്യമാക്കി ലാമിനെ ഉതിര്‍ത്ത ഷോട്ട് അത്‌ലറ്റിക്കോ ഡിഫന്ററുടെ ശരീരത്തിൽ തട്ടി നേരെ വലയിലെത്തി. 98-ാം മിനിറ്റിൽ ഫെറാൻ ടോറസ് വീണ്ടുമൊരു ​ഗോൾ വലയിലാക്കി. ഇതോടെ 4–2ന് ബാഴ്സലോണയുടെ വിജയം. വിജയത്തോടെ 27 കളികളിൽനിന്ന് 19 വിജയവും മൂന്ന് സമനിലയും സഹിതം 60 പോയിന്റുമായാണ് ബാഴ്സ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. ഒരു മത്സരം കൂ­ടുതൽ കളിച്ച റയൽ മാഡ്രിഡിനും 60 പോയിന്റുണ്ടെങ്കിലും, ഗോൾശരാശരിയുടെ മികവിലാണ് ബാഴ്സ ഒന്നാമതെത്തിയത്. സീസണിലെ നാലാം തോൽവി വഴങ്ങിയ അത്‌ലറ്റിക്കോ മാഡ്രിഡ് 56 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 

Exit mobile version