Site iconSite icon Janayugom Online

റയലിനെ റയല്‍ തോല്പിച്ചു

സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡിന് അപ്രതീക്ഷിത തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസാണ് റയല്‍ മാഡ്രിഡിനെ തോല്പിച്ചത്. ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പമെത്താനുള്ള അവസരമാണ് റയല്‍ മാഡ്രിഡ് തുലച്ചത്.
മത്സരത്തില്‍ ആദ്യം മുന്നിലെത്തിയ ശേഷമാണ് മാഡ്രിഡ് രണ്ട് ഗോളുകള്‍ വഴങ്ങിയത്. 10-ാം മിനിറ്റില്‍ ബ്രഹീം ഡയസിലൂടെ റയല്‍ മാഡ്രിഡ് മുന്നിലെത്തി. 34–ാം മിനിറ്റിൽ ജോണി കാർഡോസോ നേടിയ ഗോളിൽ സമനില പിടിച്ച റയൽ ബെറ്റിസ്, ഇടവേളയ്ക്കു ശേഷം 54–ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ നിന്നാണ് വിജയഗോൾ കണ്ടെത്തിയത്. കിക്കെടുത്ത മുൻ റയൽ മാഡ്രിഡ് താരം കൂടിയായ ഇസ്കോ ലക്ഷ്യം കണ്ടു.
മൂന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് 26 മത്സരങ്ങളില്‍ നിന്ന് 54 പോയിന്റാണുള്ളത്. ഇത്ര തന്നെ പോയിന്റുള്ള ബാഴ്സലോണ രണ്ടാമതും 56 പോയിന്റോടെ അത്‌ലറ്റിക്കോ മാഡ്രിഡ് തലപ്പത്തുമാണ്. 38 പോയിന്റോടെ റയല്‍ ബെറ്റിസ് ആറാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ ക്ലബ്ബിനെ ഏകപക്ഷീയമായ ഒരു ഗോളിന് അത്‌‌ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തി. 66-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസാണ് വിജയഗോള്‍ കണ്ടെത്തിയത്.

Exit mobile version