ഇംഗ്ലീഷ് കരുത്തരും സ്പാനിഷ് വമ്പന്മാരും ഏറ്റുമുട്ടിയ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ലിവര്‍പൂള്‍. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം. അലക്‌സിസ് മാക് അലിസ്റ്ററും കോഡി ഗാക്‌പോയും ലിവര്‍പൂളിനായി ഗോളുകള്‍ നേടി. റയല്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ പെനാൽറ്റി നഷ്ടമാക്കിയ മത്സരത്തില്‍ ലിവര്‍പൂളിനായി മുഹമ്മദ് സലായും പെനാല്‍റ്റി നഷ്ടമാക്കിയിരുന്നു.
ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിന്റെ ഗതി നിർണയിച്ച രണ്ടു ഗോളും പിറന്നത്. 52–ാം മിനിറ്റില്‍ മക് അലിസ്റ്റർ ലിവര്‍പൂളിന്റെ ആദ്യ ഗോള്‍ നേടി. എംബാപ്പെയെ ഇബ്രാഹിം കൊണാറ്റെയും വിര്‍ജില്‍ വാന്‍ഡിക്കും പൂട്ടിയതോടെ റയല്‍ മുന്നേറ്റം പാളി. എന്നാല്‍ ലൂക്കാസ് വാസ്ക്വേസിനെ ബോക്സില്‍ റോബര്‍ട്സണ്‍ വീഴ്ത്തിയതിന് 61-ാം മിനിറ്റില്‍ റയലിന് അനുകൂലമായി പെനാല്‍റ്റി കിക്ക് ലഭിച്ചതോടെ മത്സരത്തിലേക്ക് തിരിച്ചുവരാന്‍ അവസരം ഒരുങ്ങി. എംബാപ്പെയുടെ കിക്ക് പക്ഷെ ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ കെല്ലെഹര്‍ തടുത്തിട്ടതോടെ റയലിന്റെ പ്രതീക്ഷകള്‍ മങ്ങി. 70-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താനുള്ള അവസരം ലിവര്‍പൂളും പാഴാക്കി. പെനാല്‍റ്റി എടുത്ത സലാ പന്ത് പുറത്തേക്കടിച്ചു കളഞ്ഞു. 76–ാം മിനിറ്റില്‍ കോഡി ഗാക്പോ ലിവർപൂളിനായി രണ്ടാം ഗോള്‍ കണ്ടെത്തി.
ഇതോടെ, പുതിയ ഫോർമാറ്റിൽ നടത്തുന്ന യുവേഫ ചാമ്പ്യൻസ് ലീഗിലെ അഞ്ച് മത്സരങ്ങളിൽ മൂന്നും തോറ്റെന്ന നാണക്കേടുകൂടിയായി റയലിന്. അഞ്ച് കളികളിൽനിന്ന് ആറു പോയിന്റുമായി 24–ാം സ്ഥാനത്താണ് റയൽ. ടൂർണമെന്റിൽ സാധ്യതകൾ നിലനിർത്താൻ പ്ലേഓഫ് സ്ഥാനത്തിനായി പോരാടേണ്ട അവസ്ഥയുമായി. മറുവശത്ത്, കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചാണ് ലിവർപൂളിന്റെ കുതിപ്പ്. 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അവർ.
ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തില്‍ ആസ്റ്റൻ വില്ലയും യുവന്റസും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായില്ല. മറ്റൊരു മത്സരത്തില്‍ ഡൈനാമോ സാഗ്രെബിനെ ബൊറൂസിയ ഡോർട്ട്മുണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് തോല്പിച്ചു.