Site iconSite icon Janayugom Online

റോയിയുടെ മരണകാരണം മാനസിക സമ്മർദം; അന്വേഷണം അന്തിമഘട്ടത്തിൽ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി ജെ റോയിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്. റോയിയുടെ മരണത്തിന് പിന്നില്‍ ആദായനികുതി വകുപ്പിന്റെ പീഡനമാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നാണ് കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ബിസിനസ് രംഗത്തെ കടുത്ത മാനസിക സമ്മര്‍ദമാണ് റോയിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് നിഗമനം. ഇതിന്റെ ഭാഗമായി കൊച്ചിയിലെ റോയിയുടെ മൂന്ന് അടുത്ത സുഹൃത്തുക്കളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. റോയി മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ സുഹൃത്തുക്കളുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രമോഷണല്‍ വീഡിയോകള്‍ തയ്യാറാക്കിയിരുന്ന രണ്ട് യൂട്യൂബര്‍മാരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. റോയിയുടെ ബിസിനസ് പങ്കാളികളുടെ മൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. അതേസമയം, റോയിയുടെ മരണശേഷം സമൂഹമാധ്യമം വഴി പലരും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 

ആദായനികുതി വകുപ്പിനെതിരെ നിലവില്‍ യാതൊരുവിധ തെളിവുകളും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, മരണകാരണം ബിസിനസ് സമ്മര്‍ദം മൂലമുള്ള ആത്മഹത്യയാണെന്ന് ഉറപ്പിക്കുന്ന നടപടികളിലാണ് പൊലീസ്. രാജകീയ ജീവിതം നയിച്ചിരുന്ന അദ്ദേഹം, കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തെത്തുടര്‍ന്ന് സാമ്പത്തിക സ്രോതസുകള്‍ അടയുന്നുവെന്നും ആഡംബര ജീവിതത്തിന് തടസം നേരിടുന്നുവെന്നും തിരിച്ചറിഞ്ഞതാണ് ആത്മഹത്യയിലേക്ക് നീങ്ങിയതെന്നാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍. കഴിഞ്ഞ കുറച്ചു കാലമായി കേന്ദ്ര ഏജന്‍സികള്‍ റോയിയുടെ സാമ്പത്തിക ഇടപാടുകളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള പണം യുഎഇയിലേക്ക് എത്തിക്കുന്നതിലെ തടസങ്ങള്‍ അദ്ദേഹത്തെ പ്രതിസന്ധിയിലാക്കി. ആദായനികുതി വകുപ്പ് ചുമത്തിയ പിഴ അടച്ചുതീര്‍ക്കാന്‍ തീരുമാനിച്ചെങ്കിലും, തുടര്‍ന്ന് ബിസിനസ് മുന്നോട്ടു കൊണ്ടുപോകാനുള്ള സാമ്പത്തിക ലഭ്യതയില്‍ അദ്ദേഹം ആശങ്കാകുലനായിരുന്നു. ബാങ്ക് വായ്പകളില്ലാതെ നിക്ഷേപകരില്‍ നിന്ന് നേരിട്ട് പണം സ്വീകരിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. എന്നാല്‍ അന്വേഷണം കടുത്തതോടെ പണമൊഴുക്ക് തടസപ്പെടുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെടുകയും ചെയ്തു. നിക്ഷേപകര്‍ പണം തിരികെ ചോദിച്ചു തുടങ്ങിയതോടെ അദ്ദേഹം കടുത്ത മാനസിക സമ്മര്‍ദത്തിലായി എന്നാണ് വിലയിരുത്തല്‍.

Exit mobile version