Site iconSite icon Janayugom Online

മരട് ഫ്ലാറ്റ് ഉടമകള്‍ക്ക് 91 കോടി രൂപ തിരികെ നല്‍കി

തീരസംരക്ഷണ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചുമാറ്റിയ മരട് ഫ്ലാറ്റുകളുടെ ഉടമകള്‍ക്ക് 91 കോടി രൂപ തിരിച്ചു നല്‍കി. കെട്ടിട നിര്‍മാതാക്കള്‍ക്ക് ഫ്ലാറ്റിന്റെ വിലയായി നല്‍കിയ 120 കോടി രൂപയില്‍ 91 കോടിയാണ് തിരികെ നല്‍കിയത്. സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മറ്റിയുടെ മേല്‍നോട്ടത്തിലാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. പണം ലഭിക്കുവാന്‍ അര്‍ഹതയുള്ള 272 ഫ്ലാറ്റ് ഉടമകളില്‍ 110 പേര്‍ക്കാണ് ആകെ തുക നല്‍കിയിട്ടുള്ളത്. കെട്ടിട നിര്‍മാതാക്കള്‍ക്ക് ഇവര്‍ ഫ്ലാറ്റിന്റെ വിലയായി നല്‍കിയ യഥാര്‍ത്ഥ തുക മുഴുവനായും തിരികെ നല്‍കിയിട്ടുണ്ട്. ഫ്ലാറ്റ് ഉടമകള്‍ക്ക് നേരത്തെ സര്‍ക്കാര്‍ ഇടക്കാല നഷ്ടപരിഹാതുക നല്‍കിയിരുന്നു.

ഈ തുക കിഴിച്ചുള്ള ബാക്കി പണമാണ് ഫ്ലാറ്റ് നിര്‍മാതാക്കളില്‍ നിന്ന് തിരികെ ഉടമകളിലേയ്ക്ക് എത്തിയത്. ഹോളിഫെയ്ത്, എച്ച് ടു ഒ ഫ്ലാറ്റ് നിര്‍മാതാക്കളാണ് ഇനി പണം നല്‍കുവാനുള്ളത്. പണം തിരികെ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയ ഈ നിര്‍മാതാക്കളുടെ വസ്തുവകകള്‍ വില്‍പ്പന നടത്തി പണം ഈടാക്കി ഉടമകള്‍ക്ക് തിരികെ നല്‍കും. നാല് മാസത്തിനുള്ളില്‍ പണം ഈടാക്കി നല്‍കാനാകുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ നല്‍കിയ ഇടക്കാല നഷ്ടപരിഹാര തുകയും ഉടമകളില്‍ നിന്ന് തന്നെ പിരിച്ച് സര്‍ക്കാരിലേയ്ക്ക് അടയ്ക്കും. ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റുന്നതിനായി സര്‍ക്കാര്‍ ചെലവഴിച്ച 3 കോടിയോളം രൂപയും നിര്‍മാതാക്കളില്‍ നിന്ന് തന്നെ ഇടാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. ഇക്കാര്യം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിയില്‍ റിട്ട. ചീഫ് സെക്രട്ടറി കെ ജോസ് സിറിയക്, റിട്ട. ചീഫ് എഞ്ചിനിയര്‍ ആര്‍ മുരുകേശന്‍ എന്നിവര്‍ അംഗങ്ങളാണ്. റിട്ട. ജില്ലാ ജഡ്ജി എസ് വിജയകുമാറാണ് കമ്മറ്റി സെക്രട്ടറി.

ENGLISH SUMMARY:Rs 91 crore was repaid to the Maradu flat owners
You may also like this video

Exit mobile version