ആര്‍എസ്എസ്-ബിജെപി ഭിന്നത രൂക്ഷമാകുന്നതിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ചിലര്‍ കടമ നിര്‍വഹിക്കുന്നവരും മറ്റ് ചിലര്‍ അഹങ്കാരികളുമാണെന്നും, അഹങ്കാരികളെ സ്വയംസേവകര്‍ എന്ന് വിളിക്കാനാകില്ലെന്നും നാഗ്പൂരില്‍ സ്വയംസേവകരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
മനസില്‍ അഹങ്കാരം കൊണ്ടു നടക്കുന്നവര്‍ വിജയത്തില്‍ അമിതമായി ആഹ്ലാദിക്കും. ആ വിജയം നിമിഷനേരം കൊണ്ട് ഇല്ലാതാകുമെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്ന് മോഡിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. വൈവിധ്യം ഉള്‍ക്കൊള്ളാനും എല്ലാവരെയും അംഗീകരിക്കാനും പരസ്പര ബഹുമാനം പുലര്‍ത്താനും കഴിവുള്ളവരെയാണ് യഥാര്‍ത്ഥ നേതാക്കള്‍ എന്ന് വിളിക്കേണ്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ സമൂഹത്തില്‍ അസ്വസ്ഥതകളും സംശയങ്ങളും വ്യാപകമായി പ്രചരിച്ചു. ചില നേതാക്കളുടെ അഭിപ്രായപ്രകടനങ്ങള്‍ അത്തരം സംശയം ജനങ്ങളില്‍ വര്‍ധിക്കാന്‍ കാരണമായി.
വ്യാജ ആരോപണങ്ങളും വ്യക്തിഹത്യയും നടത്തുന്ന തരംതാണ നിലയിലേക്ക് തെരഞ്ഞെടുപ്പ് പ്രചരണം അധഃപതിച്ചു. ജനാധിപത്യ പ്രക്രിയയില്‍ നിര്‍ണായക സ്ഥാനമാണ് തെരഞ്ഞെടുപ്പുകള്‍ക്കുള്ളത്. മത്സരത്തില്‍ ഇരുപക്ഷവും മാന്യതയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ അര്‍ത്ഥപൂര്‍ണമായ ജനാധിപത്യം സാധ്യമാകൂ. എന്നാല്‍ അത്തരം മാന്യത പല പാര്‍ട്ടികളും നേതാക്കളും പാലിച്ചില്ല. സമൂഹത്തെ ശല്യമായി കാണുന്ന മനോഭാവം ചില നേതാക്കള്‍ പരസ്യമായി പ്രകടിപ്പിച്ചത് രാജ്യത്തിന്റെ യശസിന് കോട്ടം വരുത്തി. തെരഞ്ഞെടുപ്പ് യുദ്ധമാണെന്ന ഭീതി സൃഷ്ടിക്കാന്‍ ചിലര്‍ മനഃപൂര്‍വം ശ്രമിച്ചു. സമൂഹത്തെ ഭിന്നിപ്പിച്ചും വിഭജിച്ചും രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമവും വ്യാപകമായി നടന്നു. അത്തരം വിഭജനവും ഭിന്നിപ്പും ആര്‍എസ്എസ് ലക്ഷ്യമല്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനമാണ് സംഘടന ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വംശീയ കലാപം തുടരുന്ന മണിപ്പൂരിലെ സ്ഥിതിഗതികള്‍ ഇപ്പോഴും ശാന്തമായിട്ടില്ല. സംസ്ഥാനത്ത് സമാധാനം കൊണ്ടുവരാന്‍ ഭരിക്കുന്നവര്‍ക്ക് സാധിച്ചിട്ടില്ല. വംശീയ കലാപം സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിയാണോ എന്ന സംശയം ബലപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ രണ്ട് സീറ്റിലും പരാജയപ്പെട്ട ബിജെപിയുടെ കഴിവുകേടാണ് കലാപം ഇപ്പോഴും തുടരാനുള്ള കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം മോഡി മന്ത്രിസഭയുടെ ആരംഭത്തോടെയാണ് ബിജെപിയും മാതൃസംഘടനയും തമ്മിലുള്ള ഭിന്നത പരസ്യമായത്. ഭരണപരമായ കാര്യങ്ങളില്‍ നരേന്ദ്ര മോഡി സ്വീകരിച്ച ഏകാധിപത്യ നിലപാടില്‍ ആര്‍എസ്എസ് നേതൃത്വം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്ത് തോല്‍വിയുടെ ഉത്തരവാദിത്തം മോഡിയുടെ മാത്രമാണെന്ന് വരുത്തിത്തീര്‍ത്ത് കെെകഴുകുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം.
English Summary:RSS against Modi
You may also like this video