Site iconSite icon Janayugom Online

മുസ്ലിം ജനസംഖ്യ നിയന്ത്രിക്കണമെന്ന് ആര്‍എസ്എസ് മുഖമാസിക

RSSRSS

രാജ്യത്ത് ജനസംഖ്യ കണക്കില്‍ ഉച്ചനീചത്വം നിലനില്‍ക്കുന്നതായി ആര്‍എസ്എസ് മുഖമാസിക. പ്രാദേശിക തലത്തിലുള്ള സമുദായിക ഉച്ചനീചത്വം തുടച്ച് നീക്കാന്‍ ജനസംഖ്യ നിയന്ത്രണ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും ദി ഓര്‍ഗനൈസര്‍ മുഖപ്രസംഗത്തില്‍ പറയുന്നു.
പ്രാദേശിക തലത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സമവാക്യത്തിന്റെ ഘടന മാറുന്നത് മണ്ഡല അതിര്‍ത്തി പുനര്‍നിര്‍ണയത്തെ പിറകോട്ടടിക്കുന്നതായും കുറിപ്പിലുണ്ട്. രാജ്യത്തെ പല മേഖലകളിലും മുസ്ലിം ഭൂരിപക്ഷം ക്രമാതീതമായി വര്‍ധിച്ച് വരുന്നതില്‍ ആശങ്ക രേഖപ്പെടുത്തുന്ന ലേഖനത്തില്‍ ജനസംഖ്യ നിയന്ത്രണത്തിന് ദേശീയ തലത്തില്‍ പദ്ധതി ആവിഷ്കരിക്കണമെന്നും പറയുന്നു.

പ്രാദേശികമായ സമുദായ ഉച്ചനീചത്വം ഇല്ലാതാക്കാന്‍ പുതിയ പദ്ധതി ആവിഷ്കരിക്കണം. രാജ്യത്തിന്റെ പടിഞ്ഞാറന്‍— തെക്കന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യ നിയന്ത്രണം ഒരളവ് വരെ സാധ്യമായിട്ടുണ്ട്. ഇവിടങ്ങളില്‍ ജനസംഖ്യ നിയന്ത്രണം കാര്യക്ഷമമായി നടക്കുന്നുണ്ട്. എന്നാല്‍ ഇതിന് കടകവിരുദ്ധമായ തരത്തിലാണ് മറ്റുള്ള സംസ്ഥാനങ്ങളിലെ അവസ്ഥ. തെരഞ്ഞെടുപ്പുകളില്‍ സീറ്റ് നഷ്ടമാകുമെന്ന ആശങ്കയാണ് പലപ്പോഴും ജനസംഖ്യാ നിയന്ത്രണത്തിന് വിഘാതമാകുന്നത്. ദേശീയ തലത്തില്‍ ജനസംഖ്യ നിയന്ത്രിക്കേണ്ടത് അനിവാര്യമായ ഒന്നായിരിക്കുകയാണ്. ഇത് പ്രാദേശിക തലത്തിലും വ്യാപകമാക്കണം. ചില മേഖലകളില്‍ മുസ്ലിം ഭൂരിപക്ഷം ആശങ്ക സൃഷ്ടിക്കുന്ന വിധത്തില്‍ കുതിച്ചുയരുന്നത് പ്രത്യേകം വിലയിരുത്തണം, ലേഖനത്തില്‍ പറയുന്നു.

പശ്ചിമ ബംഗാള്‍, ബിഹാര്‍, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അസാധാരണമായ നിലയില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുകയാണ്. അതിര്‍ത്തി കടന്നുള്ള അനധികൃത കുടിയേറ്റമാണ് ഇതിന് പ്രധാന കാരണം. ജനാധിപത്യ സംവിധാനത്തില്‍ കണക്കുകളും ജനസംഖ്യയും പ്രധാന പങ്ക് വഹിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ മുസ്ലിം ജനസംഖ്യ മാത്രം വര്‍ധിച്ച് വരുന്ന സാഹചര്യം പ്രത്യേക പരിശോധനക്ക് വിധേയമാക്കണം. മുസ്ലിം ജനസംഖ്യയില്‍ ഉണ്ടാകുന്ന വര്‍ധിച്ച തോതിലുള്ള ജനസംഖ്യ വര്‍ധനവ് ആശങ്കയോടെ വീക്ഷിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹിന്ദുക്കളെ അപമാനിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. മറുവശത്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മുസ്ലിം കാര്‍ഡിറക്കിയുള്ള രാഷ്ട്രീയമാണ് പയറ്റുന്നതെന്നും ലേഖനത്തില്‍ തുടര്‍ന്ന് പറയുന്നു. 

Eng­lish Sum­ma­ry: RSS front mag­a­zine wants to con­trol the Mus­lim population

You may also like this video

Exit mobile version