Site icon Janayugom Online

ഇന്ത്യയിലെ ക്രിസ്ത്യന്‍സഭകളിലെ പീഡനങ്ങള്‍ അന്വേഷിക്കണം; ആര്‍ എസ് എസ് മുഖപത്രം പാഞ്ചജന്യ

ഇന്ത്യയിലെ ക്രിസ്തീയ സഭകളിലെ ലൈംഗിക പീഡനങ്ങളിൽ പ്രത്യേക അന്വേഷണം വേണമെന്ന് ആർ എസ് എസ് മുഖപത്രം പാഞ്ചജന്യ. പാഞ്ചജന്യയുടെ ഒക്ടോബർ 17 ലക്കത്തിലെ കവർസ്റ്റോറിയിലാണ് അന്വേഷണം ആവശ്യപ്പെട്ട് എഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് പുറത്തിറങ്ങിയത്. ഫ്രാൻസിൽ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്രിസ്ത്യൻ സഭകൾ കേന്ദ്രീകരിച്ച് നടന്ന പീഡനങ്ങളുടെ റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ആർ എസ് എസ് വിഷയത്തിന്മേൽ ലേഖനമെഴുതിയത്. കേരളത്തിലെ സഭകളിൽ നടക്കുന്ന പീഡനവും ആർ എസ് എസ് ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. കേരളത്തിലെ സഭയ്ക്കുള്ളിൽ കന്യാസ്ത്രീകളും ചെന്നൈയിലെ മിഷനറി കോളേജിൽ യുവതിയും പീഡനത്തിനിരയായ സംഭവം ഉദാഹരണമായി ലേഖനത്തിൽ പറയുന്നു. ജാർഖണ്ഡിലും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സഭയ്ക്കും പുരോഹിതന്മാർക്കുമെതിരെ അന്വേഷണം വേണമെന്നുമാണ് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നത്. 

ഫ്രാൻസിലെ കത്തോലിക്കാ പുരോഹിതർ മൂന്ന് ലക്ഷത്തിലധികം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കഴിഞ്ഞദിവസങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു. 1950നും 2020നും ഇടയിലായാണ് കുട്ടികളെ ചൂഷണത്തിനിരയാക്കിയതെന്നായിരുന്നു റിപ്പോർട്ട്. സംഭവത്തിൽ 3000 പുരോഹിതർ കുറ്റക്കാരാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അന്വേഷണം നടത്തിയ കമ്മീഷന്റെ ചെയർമാനായ ഴീൻ‑മാർക്ക് സൗവേയുടെ അഭിപ്രായത്തിൽ, ശാസ്ത്രീയ ഗവേഷണം അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പിൽ, സഭയിലെ നേരിട്ടുള്ള പുരോഹിതന്മാരും, മറ്റ് ആത്മീയ നേതാക്കളും, സഭയുമായി ബന്ധപ്പെട്ടിട്ടുള്ള മറ്റാളുകളും കുറ്റം ചെയ്തതായി കണ്ടെത്തിയിരുന്നു. പുരോഹിതരുടെ പ്രവർത്തി നാണക്കേടുണ്ടാക്കിയെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പ്രതികരിച്ചിരുന്നു. സംഭവം തനിക്കും സഭയ്ക്കും നാണക്കേടുണ്ടാക്കിയെന്നും മാർപ്പാപ്പ പറഞ്ഞിരുന്നു. ഇരകളോട് അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ അവിടെ സ്വതന്ത്രസമിതി നടത്തിയ അന്വേഷണവും മാർപ്പാപ്പ മാപ്പ് ചോദിച്ചതും ഔപചാരികത മാത്രമാണെന്നും ഇതിന് ശേഷവും സഭയിൽ പീഡനങ്ങൾ തുടരുന്നുണ്ടെന്നും പാഞ്ചജന്യയിൽ പരാമർശിക്കുന്നുണ്ട്.
eng­lish summary;RSS front page Pan­cha­janya talks that, Per­se­cu­tion of Chris­t­ian Church­es in India should be investigated
you may also like this video;

Exit mobile version