Site iconSite icon Janayugom Online

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

വന്ദേഭാരത് എക്സ്പ്രസിൽ സ്കൂൾ വിദ്യാർത്ഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേരള സർക്കാർ. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് നിർദേശം നൽകിയത്.

സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും സംഭവം സംബന്ധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. സർക്കാർ പരിപാടികളിൽ കുട്ടികളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വർഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും. രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും അത് ഉറപ്പുവരുത്തുമെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ശനിയാഴ്ച എറണാകുളം — ബംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ഉദ്ഘാടന സർവീസിനിടെയാണ് വിദ്യാർത്ഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചത് വിവാദത്തിന് വഴിവച്ചിരുന്നു.

ശനിയാഴ്ച എറണാകുളം ‑ബംഗളൂരു വന്ദേഭാരത്​ ട്രെയിനിന്റെ ഉദ്​ഘാടന യാത്രയ്ക്കിടയാണ്​ ആർഎസ്​എസ്​ ഗണഗീതം പാടിയത്. ആദ്യ യാത്രയിൽ പ​​ങ്കെടുത്ത സ്കൂൾ വിദ്യാർത്ഥികളെ കൊണ്ടാണ്​ ഗണഗീതം പാടിച്ചത്​. ഇതിന്റെ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. പിന്നീട്​ വിവാദമായതോടെ മണിക്കൂറുകൾക്കകം പോസ്റ്റ്​​ നീക്കി.

Exit mobile version