ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ ആര്‍എസ്എസ് ശാഖ ആരംഭിച്ചു. കാമ്പസിനുള്ളിലാണ് ശാഖകള്‍ ആരംഭിച്ചിരിക്കുന്നതെന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോളജുകളില്‍ ശാഖ ആരംഭിച്ച നടപടിയില്‍ വിദ്യാര്‍ത്ഥികളും അക്കാദമിക് വിദഗ്ധരും ബുദ്ധിജീവികളും ആശങ്ക പ്രകടിപ്പിച്ചു. സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്വാമി ശ്രദ്ധാനന്ദ് കോളജിലാണ് ആദ്യ ശാഖ ആരംഭിച്ചത്. തൊട്ടുപിന്നാലെ ലക്ഷ്മിഭായ് കോളജിലും ശാഖ തുടങ്ങി. കഴിഞ്ഞ മാസം മുതലാണ് കോളജില്‍ ശാഖ ആരംഭിച്ചതെന്നും ഇത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും കോളജിലെ ഫാക്കല്‍റ്റി അംഗം പറഞ്ഞു.
കോളജില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ക്ഷണിക്കുക, അവരെ ഉള്‍പ്പെടുത്തി സെമിനാര്‍ നടത്തുക തുടങ്ങിയവ വര്‍ധിച്ച് വരികയാണ്. പൊതുഖജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളില്‍ മതസംഘടനയുടെ ശാഖ ആരംഭിക്കുന്നത് ശരിയായ ദിശയിലുള്ളതല്ലെന്നും സര്‍വകലാശാലകളെ രാഷ്ട്രീയവല്‍ക്കരിക്കുന്ന തീരുമാനം ദോഷം ചെയ്യുമെന്നും ഡല്‍ഹി സര്‍വകലാശാല അധ്യാപക യൂണിയന്‍ മുന്‍ പ്രസിഡന്റ് നന്ദിത നരെയ്ന്‍ അഭിപ്രായപ്പെട്ടു. ശ്രദ്ധാനന്ദ് കോളജില്‍ ആരംഭിച്ച ശാഖയില്‍ 25 ഓളം പേര്‍ പങ്കെടുക്കുന്നുണ്ടെന്ന് ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. ഈമാസം 18 ന് ശ്രദ്ധാനന്ദ് കോളജില്‍ സംഘടിപ്പിച്ച മേരി മാട്ടി-മേരി ദേശ് പരിപാടിയില്‍ ബിജെപി നേതാക്കളായ പവന്‍ റാണ, ശശി യാദവ് എന്നിവരാണ് പങ്കെടുത്തത്.
ആര്‍എസ്എസ് അനുകൂല സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ നേതാക്കളായ സഞ്ജയ് ഗൗഡ്, രാജേന്ദ്ര സെയ്നി, ബിജെപി ജില്ലാ പ്രസിഡന്റ് സത്യനാരായണ ഗൗതം എന്നിവരും പരിപാടിയില്‍ സംബന്ധിച്ചിരുന്നു. ആര്‍എസ്എസ് ശാഖ ആരംഭിക്കുന്നതും നേതാക്കളെ ക്ഷണിക്കുന്നതും കോളജ് അധികൃതരുടെ അനുവാദത്തോടെയാണെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. സര്‍വകലാശാലകളെ ഹൈന്ദവവല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശാഖകള്‍ ആരംഭിച്ചതെന്ന് അധ്യാപകനായ സുരജ് യാദവ് മണ്ഡല്‍ പറഞ്ഞു. പല കോളജുകളിലും അധ്യാപകര്‍ അടക്കം ആര്‍എസ്എസ് വേദി പങ്കിടുന്നതില്‍ വൈമനസ്യം കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary: RSS holds shakhas in Delhi University-affiliated college
You may also like this video