Site icon Janayugom Online

ആർഎസ്എസുമായി രഹസ്യ ചർച്ച ; സ്ഥിരീകരിച്ച് ജമാഅത്തെ ഇസ്ലാമി

ആർഎസ്എസുമായി രഹസ്യ ചർച്ച നടത്തിയ കാര്യം സമ്മതിച്ച് ജമാ അത്തെ ഇസ്ലാമി. നടന്നത് പ്രാഥമിക ചർച്ചയാണെന്നും ഇനിയും തുടരുമെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് ജനറൽ സെക്രട്ടറിയും മുൻ കേരള അമീറുമായ ടി ആരിഫലി പറഞ്ഞു. ജനുവരി 14ന് ന്യൂഡൽഹിയിലായിരുന്നു ചർച്ച. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ചർച്ച നടത്തിയകാര്യം ആരിഫലി സ്ഥിരീകരിച്ചത്.
ചർച്ചയിൽ ജമാഅത്തെ ഇസ്ലാമിക്ക് പുറമെ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് നേതാക്കളും ദയൂബന്ദ് ദാറുൽ ഉലൂമിലെ പണ്ഡിതരും പങ്കെടുത്തത് വാർത്തയായിരുന്നു. അഖിലേന്ത്യാ നേതൃത്വമാണ് ചർച്ചയിൽ പങ്കെടുക്കാമെന്ന തീരുമാനമെടുത്തത്.

ആർഎസ്എസുമായി ചർച്ച നടത്തുന്ന കാര്യം താഴെത്തട്ടിലെ അണികളെ ഉൾപ്പെടെ അറിയിച്ചിരുന്നുവെന്നും ആരിഫലി വെളിപ്പെടുത്തി. കേന്ദ്ര സർക്കാരിനെ നയിക്കുന്ന ഒരു സംഘടനയുമായി ചർച്ച നടത്തരുതെന്ന നിലപാട് സ്വീകരിക്കുന്നത് ബുദ്ധിപരമല്ല. സമൂഹത്തിലെ ഏതെങ്കിലും വിഭാഗവുമായി ഇടപഴകുന്നതിൽ യാതൊരു പ്രതിബന്ധവും ഉണ്ടാവരുതെന്ന നിലപാടാണ് ജമാഅത്തെ ഇസ്ലാമിക്കുള്ളത്. കാശി, മഥുര മസ്ജിദ് വിഷയങ്ങളാണ് ചർച്ചയിൽ ആർഎസ്എസ് പ്രധാനമായും ഉന്നയിച്ചത്. വിശ്വാസത്തിന്റെ പ്രശ്നമാണെന്നായിരുന്നു ആർഎസ്എസ് വ്യക്തമാക്കിയത്. എന്നാൽ ഇക്കാര്യത്തിൽ തങ്ങൾക്ക് അഭിപ്രായം പറയാൻ സാധിക്കില്ലെന്ന് മറുപടി നൽകി.

ആർഎസ്എസുമായി ഒരു തരത്തിലുള്ള ഒത്തുതീർപ്പ് ചർച്ചകൾക്കും ജമാഅത്തെ ഇസ്ലാമിക്ക് താല്പര്യമില്ലെന്നും ആരിഫലി അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ജാമിയ മിലിയ സർവകലാശാലാ മുൻ വൈസ് ചാൻസലറും മുൻ ഡൽഹി ലഫ്റ്റനന്റ് ഗവർണറുമായ നജീബ് ജങിന്റെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ ദേശീയ സെക്രട്ടറി മലിക് മുഅ്തസിം ഖാനാണ് ജമാഅത്തെ ഇസ്ലാമിയെ പ്രതിനിധീകരിച്ചത്. ആർഎസ്എസ് പക്ഷത്ത് നിന്ന് മുതിർന്ന നേതാവ് ഇന്ദ്രേഷ് കുമാർ, രാം ലാൽ, കൃഷ്ണഗോപാൽ എന്നിവരും പങ്കെടുത്തു.

Eng­lish Sum­ma­ry: rss jamaat e isla­mi discussion
You may also like this video

Exit mobile version