Site icon Janayugom Online

മംഗളുരുവില്‍ ആര്‍എസ്എസ് കലാപശ്രമം; ഉത്സവ ഫ്ലെക്‌സുകള്‍ നശിപ്പിച്ചു

കര്‍ണാടകയിലെ മംഗളുരുവില്‍ ശാരദാ മഹോത്സവത്തിന്റെ ഫ്ളെക്‌സുകള്‍ കീറിയ സംഭവത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മുസ്‌ലിങ്ങളില്‍ കുറ്റംചുമത്തുന്നതിനായി ഫ്ളെക്‌സ് നശിപ്പിച്ച സുമിത് ഹെഗ്‌ഡെ, യതീഷ് പൂജാരി, പ്രവീണ്‍ പൂജാരി എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ ബാനറുകള്‍ വലിച്ചുകീറിയ അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മംഗളുരു റൂറല്‍ പൊലീസ് സ്‌റ്റേഷന് പുറത്ത് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

മംഗളുരു വാമഞ്ഞൂര്‍ മേഖലയില്‍ നവരാത്രി വേളയില്‍ ശാരദാ മഹോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച പത്ത് പോസ്റ്ററുകളാണ് നശിപ്പിക്കപ്പെട്ടിരുന്നത്. വര്‍ഗീയ കലാപമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികള്‍ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

അതിനിടെ ഹവേരി ജില്ലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ 20 ലേറെ പേര്‍ അറസ്റ്റിലായി. അറസ്റ്റിലായവരില്‍ ഒരാള്‍ മുസ്‌ലീം സംഘടനയായ അഞ്ജുമാനെ ഇസ്‌ലാമിന്റെ പ്രസിഡന്റാണ്. ഹവേരി ജില്ലയിലെ റാത്തേഹള്ളി ഗ്രാമത്തിലാണ് സംഭവം. ഒരു പാത നിര്‍മാണ ജോലിക്കായി എത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനും ഗ്രാമീണരും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. 

Eng­lish Summary:RSS riot attempt in Man­galu­ru; Destroyed fes­ti­val flexes
You may also like this video

Exit mobile version