Site iconSite icon Janayugom Online

ആശ്രമം കത്തിച്ച ശേഷം തന്നെ വിളിക്കരുതെന്ന്‌ ആർഎസ്‌എസ്‌ പ്രവർത്തകർക്ക്‌ നിർദേശം നൽകിയിരുന്നതായി ബിജെപി ജില്ലാ ജനറൽ സെക്രട്ടറി

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച ശേഷം തന്നെ വിളിക്കരുതെന്ന്‌ ആർഎസ്‌എസ്‌ പ്രവർത്തകർക്ക്‌ നിർദേശം നൽകിയിരുന്നതായി ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി ജി ഗിരികുമാർ. കസ്റ്റഡിയിൽ നടത്തിയ ചോദ്യം ചെയ്യലിലാണ്‌ ഗിരികുമാർ ഇക്കാര്യം സമ്മതിച്ചത്‌.
കേസിലെ ഒന്നാം പ്രതി പ്രകാശുമായി ഗിരികുമാർ നിരന്തരം ബന്ധപ്പെട്ടതിന്റെ തെളിവുകൾ പൊലീസ്‌ ശേഖരിച്ചിരുന്നു. അക്രമം നടന്ന ദിവസവും തലേന്നും തുടർച്ചയായി ഇവർ തമ്മിൽ സംസാരിച്ചിട്ടുണ്ട്‌. എന്നാൽ, അക്രമം നടന്ന ശേഷം രാത്രി ഗിരികുമാറിനെ പ്രതികളാരും ബന്ധപ്പെട്ടില്ല. പിറ്റേന്ന്‌ രാവിലെ ഏഴരയോടെ ഗിരികുമാറിന്റെ ഫോണിലേക്ക്‌ പ്രകാശ്‌ വിളിച്ചു. സംഭവത്തിന്‌ ശേഷം പ്രതികളെ താനോ അവർ തന്നെയൊ ബന്ധപ്പെട്ടില്ല എന്നാണ് ഗിരികുമാർ ആദ്യഘട്ടത്തിൽ പറഞ്ഞത്. എന്നാൽ സംഭവം നടന്ന ദിവസം വൈകിട്ട്‌ വരെ പ്രകാശുമായി ഫോണിൽ ബന്ധപ്പെട്ട നമ്പറിലേക്കുള്ള വിളി പെട്ടെന്ന്‌ നിലച്ചത്‌ പൊലീസ്‌ സംശയത്തോടെയാണ്‌ കണ്ടത്‌. രേഖകൾ കാണിച്ചുള്ള ചോദ്യം ചെയ്യലിലാണ്‌ ഗിരികുമാർ കുറ്റം സമ്മതിച്ചത്‌.
കേസിൽ റിമാൻഡിൽ കഴിയുന്ന ഗിരികുമാറിനെയും ആർഎസ്‌എസ്‌ പ്രവർത്തകൻ ശബരി എസ്‌ നായരെയും ആശ്രമത്തിൽ തെളിവെടുപ്പിനെത്തിച്ചു. ഒരു ദിവസത്തെ കസ്റ്റഡി നടപടികൾ പൂർത്തിയാക്കി ഇന്നലെ വൈകിട്ടോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.

eng­lish summary;RSS work­ers instruct­ed not to call Sandeep­anand­giri ashram after burning

you may also like this video:

Exit mobile version