ആഭ്യന്തര വില ഉയർന്നു നിൽക്കുമ്പോൾ, കാഴ്ചക്കാരായി റബർ കർഷകർ. കഴിഞ്ഞ ദിവസങ്ങളിലെ അപേക്ഷിച്ച് നേരിയ കുറവുണ്ടായെങ്കിലൂം ആഭ്യന്തരവിപണിയിൽ വില ഉയർന്ന് തന്നെയാണ് നിൽക്കുന്നത്. എന്നാൽ തുടർച്ചയായി ടാപ്പിങ്ങ് മുടങ്ങുന്നത് മൂലം കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കുന്നില്ല. ടാപ്പിങ്ങ് നടത്തിയാലും കാര്യമായ ഉല്പാദനം നടക്കുന്നില്ലെന്നതും കർഷകർക്കു തിരിച്ചടിയായി.
ഏതാനും ദിവസം മുമ്പ് കിലോയ്ക്ക് 180 രൂപയിലേയ്ക്ക് കുതിച്ചുയർന്ന വില ഇപ്പോൾ അൽപ്പം താഴ്ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം 171 രൂപയ്ക്കാണു ജില്ലയിൽ വ്യാപാരം നടന്നത്. എങ്കിലും സീസണിലെ മികച്ച വിലയാണ് ലഭ്യമാകുന്നത്. ഉത്പാദനം കുറഞ്ഞ് ഡിമാൻഡ് കൂടിയതോടെ വില ഇനിയും ഉയരാമെങ്കിലും റബർ സ്റ്റോക്ക് ചെയ്ത വൻകിടക്കാർക്ക് മാത്രമാണ് പ്രയോജനം. ഏതാനും ദിവസങ്ങളായി വൻകിട കമ്പനികൾ കാര്യമായി ചരക്ക് എടുക്കുന്നില്ല.
പിടിച്ചുവച്ചിരുന്ന റബർ ഈസ്റ്റർ, വിഷു ആഘോഷങ്ങൾക്കായി കർഷകർ വിൽക്കാനൊരുങ്ങുമ്പോഴാണ് ഇത്തരമൊരു പിൻമാറ്റം. ആഘോഷങ്ങൾക്ക് പണം ആവശ്യമാണെന്നതിനാൽ കിട്ടുന്നവിലയ്ക്കു റബർ വിറ്റൊഴിയാൻ കർഷകരും പ്രേരിതരാകും. വേനൽ മഴ ശക്തമായ സാഹചര്യത്തിൽ ടാപ്പിങ്ങ് പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. എന്നാൽ, എല്ലാ ദിവസവും വൈകിട്ട് അതിശക്തമായ മഴ പെയ്യുന്നതിനാൽ ഇതു സാധ്യമാകുന്നില്ല.
മഴ തുടർന്നാൽ, പ്ലാസ്റ്റിക് ഒട്ടിക്കുന്നതടക്കമുള്ള മഴക്കാല സംരക്ഷണങ്ങളെക്കുറിച്ച് കർഷകർക്ക് നേരത്തെ ആലോചിക്കേണ്ടതായി വരും. ഇതും കർഷകരുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കും. അതേസമയം, രാജ്യാന്തര വിപണിയിൽ റബറിന്റെ ആവശ്യകതയേറുന്നതിനാൽ വില വീണ്ടും ഉയരുമെന്നാണു സൂചന. ഇറക്കുമതി സാധ്യത കുറഞ്ഞു നിൽക്കുന്നതും കർഷകർക്കു പ്രതീക്ഷ പകരുന്നു. എന്നാൽ, വരും മാസങ്ങളിലെ മഴയാകും നിർണായകമാകുക.
English summary;Rubber farmers are in crisis
You may also like this video;