Site iconSite icon Janayugom Online

റബർ വില താഴ്ന്നു ; ആശങ്കയോടെ കർഷകർ

കർഷകർക്ക് പ്രതീക്ഷ നൽകി അടുത്തകാലത്ത് ഉയർന്ന റബർ വില താഴ്ന്നു. ഏറെ പ്രതീക്ഷയോടെ വിപണിയെ നോക്കിക്കണ്ട കർഷകർ ഇതോടെ ആശങ്കയിലായി. ആർഎസ്എസ് 4ന് കിലോക്ക് 174 രൂപയും, ആർഎസ്എസ് 5ന് 171 രൂപയുമായാണ് വില താഴ്ന്നത്. അതേസമയം റബർ ലാറ്റക്സ് വില 138 രൂപയായി ഉയർന്നു. റബർ ഷീറ്റിന് കിലോയ്ക്ക് 191 രൂപ വരെ ലഭിച്ചിരുന്നതാണ്. എന്നാൽ, ഇപ്പോൾ 1,87,185 രൂപയാണ് ലഭിക്കുന്നത്. മഴമൂലം ഉല്പാദനം കുറഞ്ഞതായിരുന്നു റബർ വില ഉയരാൻ കാരണം. എന്നാൽ, മഴമാറി റബർ ഉല്പാദനം വർധിച്ചത് വില നേരിയ തോതിൽ കുറയാൻ കാരണമായി.

റബർഷീറ്റിന് വില വർധിച്ചതോടെ വെട്ടാതെ കിടന്ന തോട്ടങ്ങളിലും റബർ ടാപ്പിംഗ് പുനരാരംഭിച്ചിരുന്നു. വില ഉയർന്നതോടെ വിപണിയിലേക്ക് കൂടുതൽ റബർ എത്തിത്തുടങ്ങി. ഇതോടെയാണ് വില താഴ്ന്ന് തുടങ്ങിയത്. അതേസമയം ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം മൂലവും റബർ വില വീണ്ടും താഴുമോ എന്ന ആശങ്കയും കർഷർക്കുണ്ട്. ഡിസംബറിൽ റബർ ഷീറ്റിന് 220 രൂപ വരെ എത്തേണ്ടതായിരുന്നു. എന്നാൽ ടയർ കമ്പനികൾ ഷീറ്റ് എടുക്കാതെ വന്നതും ടയറിന്റെ ഉല്പാദനം കുറച്ചതും സ്വാഭാവിക റബർഷീറ്റിന്റെ വില കുറയാൻ കാരണമായതായി കരുതുന്നു. ഗ്ലൗസ് ഉൾപ്പെടെയുള്ള ഉല്പന്നങ്ങൾക്ക് ഡിമാൻഡ് വർധിച്ചതാണ് ലാറ്റക്സ് വില ഉയരാൻ കാരണം. ജനുവരി മാസത്തിൽ ഇല പൊഴിയുന്നതോടെ വീണ്ടും കർഷകർ പ്രതിസന്ധിയിലാകുമെന്ന സ്ഥിതിയാണ്.

eng­lish sum­ma­ry; Rub­ber prices fall; Con­cerned farmers

you may also like this video;

Exit mobile version