കൃഷ്ണ രുക്മിണി പ്രണയലീലകൾ ഹൃദയംഗമമായി വേദിയിലെത്തിച്ച് ഡോ.ദീപിക റെഡ്‌ഡിയും സംഘവും അവതരിപ്പിച്ച കുച്ചിപ്പുടി “രുക്മിണി കല്യാണം’. വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടന കേന്ദ്രത്തിൽ നടക്കുന്ന നാട്യോത്സവം ഡാൻസ് ഫെസ്റ്റിലാണ് കുച്ചിപ്പുടി ഗ്രാമത്തിലെ കലാകാരൻമാർ പങ്കെടുത്ത “രുക്മിണി കല്യാണം’ അരങ്ങേറിയത്.
വിദർഭ രാജകുമാരിയായ രുക്മിണിയും ഭഗവാൻ കൃഷ്ണനും തമ്മിലുള്ള പ്രണയവും സ്വയവരവും രുക്മിണിയുടെ സഹോദരനുമായുള്ള യുദ്ധവുമൊക്കെ ഇതിവൃത്തമായി നൃത്തത്തിൽ കടന്നു വന്നു. രുക്മിണിയുടെയും കൃഷ്ണന്‍റെയും പ്രണയ കഥയെ സദസ് സ്നേഹപൂർവം ഹൃദയത്തിലേറ്റി.
തുടർന്ന് ഗോപിനാഥ് നടന ഗ്രാമം വിദ്യാർത്ഥികൾ അവതരിപ്പിച്ച ഭരത നാട്യ നൃത്ത സന്ധ്യയും മിഥിലയ ഡാൻസ് അക്കാഡമി വിദ്യാർത്ഥികൾ അവതരിപ്പിച്ച കുച്ചിപ്പുടിയും അരങ്ങേറി.