Site iconSite icon Janayugom Online

ഭരണ‑പ്രതിപക്ഷ പ്രതിഷേധം: പാര്‍ലമെന്റ് രണ്ടാം ദിവസവും സ്തംഭിച്ചു

ഭരണ‑പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും തുടര്‍ച്ചയായ രണ്ടാം ദിവസവും സ്തംഭിച്ചു. രാഹുല്‍ ഗാന്ധിയുടെ വിദേശത്തെ പരാമര്‍ശത്തിനെതിരെ ട്രഷറി ബെഞ്ചുകളും അഡാനി വിഷയത്തില്‍ സര്‍ക്കാരിന്റെ അടവുനയത്തിനെതിരെ പ്രതിപക്ഷവും അണിനിരന്നതോടെ സഭാ സ്തംഭനം ഇന്നലെയും തുടര്‍ന്നു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിന് തിങ്കളാഴ്ച തുടക്കമായതുമുതല്‍ ഭരണപക്ഷ പ്രതിപക്ഷ പ്രതിഷേധങ്ങളില്‍ സഭ മുങ്ങുകയാണ്. തിങ്കളാഴ്ച പ്രതിഷേധത്തില്‍ പിരിഞ്ഞ സഭ ഇന്നലെ രാവിലെ സമ്മേളിച്ചെങ്കിലും ലോക്‌സഭയില്‍ പ്രതിപക്ഷം അഡാനി വിഷയം ഉള്‍പ്പെടെ ഉയര്‍ത്തി സര്‍ക്കാരിനെതിരെ പ്രതിരോധം തീര്‍ത്തതോടെ ലോക്‌സഭ ആദ്യം രണ്ടു വരെയും പിന്നീട് ഇന്നലത്തേക്കും പിരിഞ്ഞു.

സഭയുടെ മേശപ്പുറത്തുവയ്ക്കാനുള്ള പേപ്പറുകള്‍ വച്ചതിനപ്പുറം കാര്യമായ ചര്‍ച്ചകള്‍ ലോക്‌സഭയില്‍ ഉണ്ടായില്ല. രാജ്യസഭയില്‍ ചോദ്യവേള ഏതാണ്ട് ശാന്തമായി മുന്നോട്ടു പോകുന്നതിനിടെ പ്രക്ഷുദ്ധതയിലേക്ക് നീങ്ങി. ആദ്യം ഉച്ചതിരിഞ്ഞ് രണ്ടുവരെ നിര്‍ത്തിയ സഭ വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിഷേധം തുടര്‍ന്നതോടെ സഭ ഇന്നലത്തേക്ക് പിരിയുകയാണുണ്ടായത്. രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ ജനാധിപത്യം ഭീഷണിയുടെ വക്കിലെന്ന ലണ്ടന്‍ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ഭരണപക്ഷവും അഡാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും പ്രതിഷേധ ശബ്ദവുമായി നിലയുറപ്പിച്ചിരിക്കുകയാണ്.

Eng­lish Summary;Ruling-opposition protests: Par­lia­ment stalls for sec­ond day

You may also like this video

Exit mobile version