Site icon Janayugom Online

സൈനിക് സ്കൂളുകളുടെ നടത്തിപ്പും ആര്‍എസ്എസിന്

RSS

രാജ്യത്തെ 40 സൈനിക് സ്കൂളുകളുടെ നടത്തിപ്പ് ആര്‍എസ്എസിനും തീവ്രഹിന്ദു സംഘടനകള്‍ക്കും തീറെഴുതി കേന്ദ്ര സര്‍ക്കാര്‍. സൈനിക് സ്കൂളുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 2022നും 23നുമിടയിലാണ് 40 ഓളം സ്കൂളുകളടെ നടത്തിപ്പ് ചുമതല സംഘ്പരിവാര്‍ കക്ഷികള്‍ക്ക് കൈമാറിയതെന്ന് റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് ചൂണ്ടിക്കാട്ടുന്നു. വിവരാവകാശ നിയമം അനുസരിച്ച് ലഭിച്ച മറുപടിയിലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള സൈനിക് സ്കൂളുകള്‍ കൈമാറിയ രേഖയുള്ളത്. 

രാജ്യത്തെ ക്രിസ്ത്യന്‍-മുസ്ലിം, മറ്റ് ന്യൂനപക്ഷ വിഭാഗത്തെ ഒഴിവാക്കിയാണ് സ്കൂള്‍ നടത്തിപ്പ് ചുമതല ആര്‍എസ്എസിനും അനുബന്ധ ഗ്രൂപ്പുകള്‍ക്കും കൈമാറിയത്. സ്വയംഭരണ സ്ഥാപനമായ സൈനിക് സ്കൂള്‍ സൊസൈറ്റിയാണ് രാജ്യമാകെയുള്ള സൈനിക് സ്കൂള്‍ ഭരണം നിയന്ത്രിക്കുന്നത്. 2022ലാണ് സൈനിക് സ്കൂള്‍ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ തീരുമാനിച്ചത്. ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷം അന്നുതന്നെ രംഗത്ത് വന്നിരുന്നു. എന്നാല്‍ പ്രതിപക്ഷ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ സൈനിക് സ്കൂളുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചത്. 

2022 മുമ്പ് രാജ്യമാകെ 33 സൈനിക് സ്കൂളുകളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് 100 പുതിയ സൈനിക് സ്കൂളുകള്‍ ആരംഭിച്ചതില്‍ 50 എണ്ണമാണ് ആര്‍എസ്എസിന് കൈമാറിയത്. 2022 മേയ് 23 ഡിസംബര്‍ കാലത്ത് 40 സ്കൂളുകള്‍ക്കായി സ്വകാര്യ സ്ഥാപനങ്ങള്‍ സൈനിക് സ്കൂള്‍ സെസൈറ്റിയുമായി ധാരണയിലെത്തി. ഇതില്‍ 11 സ്ഥാപനങ്ങള്‍ ബിജെപി നേതാക്കളുടേതാണെന്നും റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യമാകെ ശൃംഖലയുള്ള ക്രിസ്ത്യന്‍— മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കിയാണ് സൈനിക് സ്കൂളുകളുടെ ഭരണം ആര്‍എസ്എസിന് അടിയറ വച്ചത്.
ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ സൈനിക വിഭാഗങ്ങളിലും സൈനിക് സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കാറുണ്ട്.
2013–14ലെ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടില്‍ സൈനിക് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സേനയിലെ പങ്കാളിത്തം 20 ശതമാനം വരുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. 

Eng­lish Sum­ma­ry: Run­ning Sainik schools also to RSS

You may also like this video

Exit mobile version