Site iconSite icon Janayugom Online

ഓടിക്കൊണ്ടിരിക്കുന്ന ടൂറിസ്റ്റ് ബസ് കത്തിനശിച്ചു: ഒഴിവായത് വൻ ദുരന്തം

ഓടിക്കൊണ്ടിരിക്കുന്ന ടൂറിസ്റ്റ് ബസ് കത്തിനശിച്ചു. വിരാജ് പേട്ടയിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസാണ് മാക്കൂട്ടം ചുരത്തിലെ ഹനുമാൻ സ്വാമി ക്ഷേത്രത്തിന് സമീപത്തുവച്ച് തീപിടിച്ച് കത്തിയത്. മട്ടന്നൂരിൽ നിന്ന് വിരാജ് പേട്ടയിലേക്ക് കർണാടക സ്വദേശിയായ യാത്രക്കാരെ കൊണ്ടുപോയി ഇറക്കി തിരിച്ച് വരുന്നതിനിടയിൽ രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഈ സമയം ഡ്രൈവർ കളർ റോഡ് സ്വദേശി സമീർ, സഹായി മാലൂർ സ്വദേശി സുഹൈൽ എന്നിവരാണ് ബസ്സിൽ ഉണ്ടായിരുന്നത്. 

ബസിന്റെ പുറകിലുള്ള ടയർ പൊട്ടുന്ന ശബ്ദം കേൾക്കുകയും ഉടൻതന്നെ തീ ആളിപ്പടരുകയുമായിരുന്നു എന്നാണ് വിവരം. ഇവിടെ മൊബൈൽ നെറ്റ് വർക്കിന് റേഞ്ചുകൾ ഇല്ലാത്തതിനാൽ ഇതുവഴി വരുന്ന വാഹനങ്ങളിലെ ആളുകളോട് ഫയർ ഫോഴ്സിനെ വിവരമറിയിക്കാൻ പറയുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം നേരം ബസ് കത്തിയതിന് ശേഷമാണ് ഇരട്ടിയിൽ നിന്നും ഗോണിക്കുപ്പിയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും ബസ് പൂർണ്ണമായും കത്തിക്കരിഞ്ഞിരുന്നു. നിർവേലി സ്വദേശി ഒരു മാസം മുമ്പാണ് ഈ ടൂറിസ്റ്റ് ബസ് വാങ്ങിയത്. ബസ് കത്തിയതിനെത്തുടർന്ന് കൂട്ടം ചുരം പാതയിലൂടെയുള്ള ഗതാഗതം രണ്ടുമണിക്കൂറോളം തടസ്സപ്പെട്ടു.

Exit mobile version