Site iconSite icon Janayugom Online

രൂപ റെക്കോ‍ഡ് മൂല്യത്തകര്‍ച്ചയില്‍; തൊഴില്‍ ലഭ്യത ഇടിയുന്നു

നരേന്ദ്ര മോഡി ഭരണത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച സ്ഥിരം പ്രതിഭാസമായി മാറിയത് ഔപചാരിക തൊഴില്‍ മേഖലയിലും കരിനിഴല്‍ വീഴ്ത്തി. യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 88.33 ലേക്ക് ഇടിഞ്ഞതും യുഎസ് അധിക താരിഫ് ഭീഷണി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കുമിടയിലാണ് ഔപചാരിക സുരക്ഷിത തൊഴില്‍ സൃഷ്ടിയും കനത്ത പ്രതിസന്ധി നേരിടുന്നത്. രാജ്യത്തെ ഔപചാരിക സുരക്ഷിത തൊഴില്‍ ലഭ്യതയുടെ രേഖ ലഭിക്കുന്ന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷമായി പുതിയ ഔപചാരിക തൊഴില്‍ സൃഷ്ടി നെഗറ്റീവ് മോഡിലാണ്. 2024 സാമ്പത്തിക വര്‍ഷം 13.1 ദശലക്ഷം തൊഴില്‍ സൃഷ്ടിച്ചതായി ഇപിഎഫ്ഒ രേഖയില്‍ പറയുന്നു. എന്നാല്‍ 2025ല്‍ ഇതിന്റെ തോത് 12.9 ദശലക്ഷമായി കുറഞ്ഞു. 2023 ലായിരുന്നു ഔപചാരിക തൊഴില്‍ സൃഷ്ടി 13.8ല്‍ എത്തിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തൊഴില്‍ സൃഷ്ടി നിരക്ക് ഇടിയുന്ന പ്രവണതയാണ് തുടര്‍ന്ന് വരുന്നത്. 2024ല്‍ 5.1. 2025ല്‍ 1.3% നിരക്കിലേക്കാണ് തൊഴില്‍ സൃഷ്ടി കൂപ്പുകുത്തിയത്. ഇപിഎഫ്ഒ രേഖ അനുസരിച്ച് 2025 സാമ്പത്തിക വര്‍ഷത്തിലെ ഒരു മാസം ഇലക്ട്രോണിക്സ് ചലാന്‍ കം റിട്ടേണ്‍ (ഇസിആര്‍) അടച്ച സ്ഥാപനങ്ങളുടെ എണ്ണം 52,309 ആയിരുന്നു. എന്നാല്‍ 2024ല്‍ ഇത് 56,023 ആയിരുന്നു. തൊഴില്‍ സ്ഥാപനങ്ങളുടെ ശതമാനക്കണക്കില്‍ 6.6% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

പണപ്പെരുപ്പം, വിലക്കയറ്റം, രാജ്യത്ത് നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് എന്നിവയാണ് ഔപചാരിക തൊഴില്‍ മേഖലയുടെ നട്ടെല്ല് തകര്‍ത്തത്. നിയമന നിരോധനം, കരാര്‍ തൊഴില്‍ വര്‍ധിപ്പിക്കല്‍ എന്നിവയും മറ്റൊരു കാരണമായി ഭവിച്ചു.
അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച മോഡിയുടെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ — മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളും ഔപചാരിക തൊഴില്‍ സൃഷ്ടിക്ക് കരുത്തു പകര്‍ന്നില്ല. റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നു എന്നാരോപിച്ച് യുഎസ് പ്രസിഡന്റ് ചുമത്തിയ അധിക 25% താരിഫ് ഇന്ത്യന്‍ ചെറുകിട- സുക്ഷ്മ വ്യവസായങ്ങളെ അടച്ച് പൂട്ടലിലേക്ക് നയിക്കുമെന്ന ശക്തമായ സന്ദേഹം നിലനില്‍ക്കെയാണ് ഔപചാരിക തൊഴില്‍ മേഖലയും കടുത്ത ഭീഷണി അഭിമുഖീകരിക്കുന്നത്. 

Exit mobile version