Site iconSite icon Janayugom Online

രൂപയുടെ തകര്‍ച്ച തുടരുന്നു

ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. വെള്ളിയാഴ്ച യിലെ 79.88 എന്ന നിലയില്‍ നിന്ന് വീണ്ടും താഴ്ന്ന് ഒരു ഡോളറിന് 79.98 എന്ന നിലയിലാണ് ഇന്നലെ വ്യപാരം അവസാനിച്ചത്. 15 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണികളില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചതും വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ പണം പിന്‍വലിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. നേരത്തെയുള്ള സെഷനുകളില്‍ ബെന്റ് ക്രൂഡ് ബാരലിന് 100 ഡോളര്‍ ആയിരുന്നത് 104 ഡോളറായി ഉയര്‍ന്നിരുന്നു.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ മൂല്യത്തില്‍ 16.08 രൂപ (25.39 ശതമാനം) യുടെ ഇടിവുണ്ടായതായി കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയെ കുറിച്ച് എംപിമാരായ ദീപക് ബൈജ്, വിജയ് വസന്ത് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ആര്‍ബിഐയുടെ കണക്കുകള്‍ പ്രകാരം 2014ല്‍ ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്ക് 63.33 ആയിരുന്നു. ഈ വര്‍ഷം ജൂലൈ 11ന് ഇത് 79.41 എന്ന നിലയിലേക്ക് താഴ്ന്നു. 69.79, 70 എന്നിങ്ങനെയായിരുന്നു 2018,19 വര്‍ഷങ്ങളില്‍ ഡിസംബര്‍ 31ലെ രൂപയുടെ മൂല്യം.
ഉക്രെയ്ന്‍-റഷ്യ യുദ്ധം, ക്രൂഡ് ഓയില്‍ വില, ആഗോള സാമ്പത്തിക പിരിമുറുക്കങ്ങള്‍ എന്നിവയാണ് രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണം. ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ 14 ദശലക്ഷം ഡോളര്‍ പിന്‍വലിച്ചതും തിരിച്ചടിക്ക് കാരണമായതായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Rupee con­tin­ues to fall

You may like this video also

Exit mobile version