ഡോളറിനെതിരെ രൂപയുടെ മൂല്യം 23 പൈസ ഇടിഞ്ഞ് 85.50 എന്ന റെക്കോഡിലെത്തി. നഷ‍്ടത്തില്‍ നിന്ന് കരകയറാന്‍ റിസര്‍വ് ബാങ്ക് ഇടപെടുന്നതിന് മുമ്പാണ് രൂപ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയത്. ബാങ്കുകളില്‍ നിന്നും ഇറക്കുമതിക്കാരില്‍ നിന്നും മാസാവസാനം ആവശ്യകത വര്‍ധിച്ചതാണ് ശക്തമായ തിരിച്ചടിക്ക് കാരണം. നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് ആകുമ്പോഴേക്കും ഡോളറിനെതിരെ രൂപയുടെ മൂല്യം 86 രൂപയായേക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഹ്രസ്വകാല മുന്‍കൂര്‍ കരാറുകളില്‍ ഡോളര്‍ പേമെന്റ് നിലനിര്‍ത്താനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാട് തിരിച്ചടിയായി. വിദേശ ഫണ്ടുകളുടെ സുസ്ഥിര ഒഴുക്കും ക്രൂഡ് ഓയില്‍ വില വര്‍ധനയും രൂപയെ തളര്‍ത്തി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍ രൂപയുടെ മൂല്യം 85.31ല്‍ ദുര്‍ബലമായി തുടങ്ങി, 53 പൈസ ഇടിഞ്ഞ് എക്കാലത്തെയും ഏറ്റവും താഴ‍്ന്ന നിലവാരമായ 85.80ലെത്തി. ഇതിന് മുമ്പ് 2023 ഫെബ്രുവരി രണ്ടിന് 68 പൈസ എന്ന ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

