ഡോളറിനെതിരെ പുതിയ റെക്കോഡ് തകര്‍ച്ചയില്‍ രൂപ. ആദ്യമായി രൂപയുടെ മൂല്യം 83 കടന്നു. 83.02 എന്ന നിലയിലാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. 61 പൈസയുടെ ഇടിവ് ഇന്നലെ മാത്രം രേഖപ്പെടുത്തി. വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങല്‍, അന്താരാഷ്ട്ര വിപണികളിലെ ക്രൂഡ് ഓയിലില്‍ വില വര്‍ധനവ് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് രൂപയ്ക്ക് തിരിച്ചടിയായത്. 82.35 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഡോളറിനെതിരെ രൂപ തകര്‍ന്നടിയുകയായിരുന്നു. ചൊവ്വാഴ്ച രൂപയുടെ മൂല്യം 10 പൈസ ഇടിഞ്ഞ് 82.40ല്‍ എത്തിയിരുന്നു.
അടുത്തിടെ രൂപയുടെ മൂല്യം ഇടിയുന്നില്ലെന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ പ്രസ്താവന വന്‍ പരിഹാസത്തിന് ഇടയാക്കിയിരുന്നു. വളര്‍ന്നുവരുന്ന മറ്റ് കറന്‍സികളെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. രൂപയുടെ മൂല്യം ഇടിയുന്നില്ലെന്നും ഡോളറിന്റെ മൂല്യം തുടര്‍ച്ചയായി ശക്തിപ്പെടുകയാണെന്നുമായിരുന്നു അന്താരാഷ്ട്ര നാണയനിധിയുടെ വാര്‍ഷിക സമ്മേളനത്തിലെ ധനമന്ത്രിയുടെ പ്രതികരണം.
അതിനിടെ ആറ് ലോകരാജ്യങ്ങളുടെ കറൻസികളെ ദുർബലമാക്കി ഡോളർ സൂചിക 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. ഡോളർ സൂചിക 0.31 ശതമാനം ഉയർന്ന് 112.48 ആയി. യൂറോ, യെൻ, പൗണ്ട്, കനേഡിയൻ ഡോളർ, സ്വീഡിഷ് ക്രോണ, സ്വിസ് ഫ്രാങ്ക് എന്നീ ആറു കറൻസികളുമായി ഡോളറിനുള്ള മൂല്യം ഓരോ 15 സെക്കൻഡിലും നിർണയിക്കുന്ന യഥാസമയ സൂചികയാണിത്.
English Summary:Rupee depreciated again
You may also like this video