Site iconSite icon Janayugom Online

ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ രൂപ; മൂല്യം 91.73 ആയി

ആഗോള വിപണിയിലെ അനിശ്ചിതത്വവും വിദേശ നിക്ഷേപകർ തുടർച്ചയായി പണം പിൻവലിക്കുന്നതും മൂലം ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. ബുധനാഴ്ച ഡോളറിനെതിരെ 76 പൈസ ഇടിഞ്ഞ് 91.73 എന്ന റെക്കോർഡ് താഴ്ന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. 2025 ഡിസംബർ 16ന് രേഖപ്പെടുത്തിയ 91.14 ആയിരുന്നു ഇതിനുമുമ്പത്തെ ഏറ്റവും താഴ്ന്ന നിരക്ക്.

ഗ്രീൻലാൻഡ് വിഷയത്തിൽ യൂറോപ്പിലുണ്ടായ തർക്കങ്ങളും അമേരിക്ക‑യൂറോപ്പ് ബന്ധത്തിലെ വിള്ളലുകളും വിപണിയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഒപ്പം വെനിസ്വേലയിലെ എണ്ണശേഖരത്തെ ചൊല്ലിയുള്ള തർക്കങ്ങളും ആഗോളതലത്തിൽ ആശങ്ക വർദ്ധിപ്പിച്ചു. ഇതിനുപുറമെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്ന് വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയായി. ചൊവ്വാഴ്ച മാത്രം 2,938.33 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത്. ആഭ്യന്തര വിപണിയിലും വലിയ ഇടിവാണ് ഉണ്ടായത്. സെൻസെക്സ് 270.84 പോയിന്റും നിഫ്റ്റി 75 പോയിന്റും താഴ്ന്നു. നിലവിൽ ഈ മാസം മാത്രം രൂപയുടെ മൂല്യത്തിൽ 1.50 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Exit mobile version