Site iconSite icon Janayugom Online

എണ്ണ വാങ്ങാൻ രൂപ: പദ്ധതി പാളി, ഉല്പാദക രാജ്യങ്ങൾ മുഖംതിരിക്കുന്നു

ഇന്ത്യയുമായി നിലനില്‍ക്കുന്ന വ്യാപാര അസന്തുലിതാവസ്ഥ കാരണം ആഗോള ക്രൂ‍ഡോയില്‍ വിതരണക്കാര്‍ക്ക് രൂപ സ്വീകരിക്കാന്‍ വിമുഖത. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം ഇക്കാര്യം പാര്‍ലമെന്ററി സമിതിയെ രേഖാമൂലം അറിയിച്ചു. ക്രൂഡ് ഓയിലിനുള്ള ഇടപാടുകള്‍ ഇന്ത്യൻ രൂപയിൽ നടത്താൻ എണ്ണക്കമ്പനികൾ നിരന്തരം വിതരണക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും മന്ത്രാലയം പറയുന്നു, കയറ്റുമതിയെക്കാൾ ഇറക്കുമതി ഗണ്യമായി കൂടുതലുള്ള വ്യാപാര അസന്തുലിതാവസ്ഥയാണ് ഡോളറിന് പകരമായി രൂപ ഉയര്‍ത്താനുള്ള പദ്ധതിക്ക് തിരിച്ചടിയായതെന്നും മന്ത്രാലയം പാർലമെന്ററി സമിതിയെ അറിയിച്ചു. എണ്ണ ഇടപാടുകൾക്ക് പ്രാദേശിക കറൻസികളായ ഇന്ത്യൻ രൂപ, യുഎഇ ദിർഹം (എഇഡി) എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 2023 ജൂലൈ 15 ന് അബുദാബിയിൽ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) യുഎഇ സെൻട്രൽ ബാങ്കും (സിബിയുഎഇ) ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു. എന്നാല്‍ ദിര്‍ഹം വഴി ബില്‍ തുക ഒടുക്കുന്ന പ്രവണതയാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എണ്ണവില രൂപയിൽ നൽകുകയാണെങ്കിൽ, ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനാകും. ഇത് രൂപയുടെ മൂല്യം വര്‍ധിപ്പിക്കാനും, ഇറക്കുമതി ചെലവ് കുറയ്ക്കാനും സഹായിക്കും. നിലവിൽ എണ്ണ ഇറക്കുമതിക്ക് ഡോളർ ഉപയോഗിക്കുമ്പോൾ, രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ച് കുറവായതിനാൽ കൂടുതൽ രൂപ നൽകേണ്ടി വരുന്നു. ഇത് പണപ്പെരുപ്പത്തിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകുന്നുണ്ട്. 

എണ്ണ ഉല്പാദക രാജ്യങ്ങൾ ഡോളറിനെയാണ് കൂടുതലായി ആശ്രയിക്കുന്നത്. അതിനാൽ അവരെ ഈ വിഷയത്തിൽ സമ്മതിപ്പിക്കുന്നത് ഒരു വെല്ലുവിളിയായി തുടരുന്നു. കറൻസി പരിവർത്തനത്തിനുള്ള ഉയർന്ന ഇടപാട് ചെലവുകൾ, വിനിമയ നിരക്കിലെ അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് എണ്ണ ഉല്പാദക രാജ്യങ്ങൾ ആശങ്കാകുലരാണെന്ന് പാര്‍ലമെന്ററി സമിതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ തടസ്സങ്ങൾ പരിഹരിക്കുന്നതിന് പെട്രോളിയം മന്ത്രാലയം ധനകാര്യ മന്ത്രാലയവുമായും ആർ‌ബി‌ഐയുമായും ചര്‍ച്ച നടത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു. റഷ്യയും കൂടുതല്‍ രൂപ വാങ്ങാന്‍ തയ്യാറല്ല.
കോണ്‍ഗ്രസ് എംപി സുനിൽ ദത്താത്രേയ തത്കറെയുടെ നേതൃത്വത്തിലുള്ള ഏറ്റവും പുതിയ സമിതി റിപ്പോര്‍ട്ടില്‍ അസംസ്കൃത എണ്ണ ഇറക്കുമതി ബില്ലുകൾ ഇന്ത്യൻ രൂപയിൽ തീർപ്പാക്കുന്നതിലെ തടസങ്ങൾ തിരിച്ചറിയാനും പദ്ധതി വിജയകരമാക്കുന്നതിന് ഉചിതമായ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. പെട്രോളിയം മന്ത്രാലയം വിഷയത്തില്‍ സജീവ ഇടപെടല്‍ നടത്തുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. ക്രൂഡ് ഓയിൽ ഇടപാടുകളില്‍ ഇന്ത്യൻ രൂപ പ്രോത്സാഹിപ്പിക്കുന്നത് ഒരു സർക്കാർ നയമാണെന്നും അത് വിജയകരമായി നടപ്പിലാക്കാൻ ബന്ധപ്പെട്ട എല്ലാ ഏജൻസികളും യോജിച്ച ശ്രമങ്ങൾ നടത്തണമെന്നും സമിതി ചൂണ്ടിക്കാട്ടി. 

Exit mobile version