Site iconSite icon Janayugom Online

റഷ്യ സമ്മതിച്ച വെടിനിര്‍ത്തലില്‍; അനിശ്ചിതത്വം

ലോകത്തിന് പ്രതീക്ഷ നല്കി റഷ്യ സമ്മതിച്ച താല്ക്കാലിക വെടിനിര്‍ത്തലില്‍ അനിശ്ചിതത്വം. പരസ്പരമുള്ള വെല്ലുവിളികളും കുറ്റപ്പെടുത്തലുകളും തുടരുന്നതിനിടെ ഉക്രെയ്‌ന്‍-റഷ്യ മൂന്നാംഘട്ട ചര്‍ച്ചയിലും അനിശ്ചിതത്വമുണ്ടായി. എന്നാല്‍ നാളെ ചര്‍ച്ച നടത്തുമെന്ന തീരുമാനം രാത്രിയോടെ പുറത്തുവന്നു. രണ്ട് നഗരങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കായാണ് റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മരിയുപോളിലും വോള്‍നോവാഖയിലും ആക്രമണം നിര്‍ത്തിവയ്ക്കുന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രണ്ട് നഗരങ്ങളുടെയും പരിസരപ്രദേശങ്ങളില്‍ മാനുഷിക ഇടനാഴി തുറന്നുവെന്നും അറിയിച്ചു.

മരിയുപോളില്‍ അഞ്ച് മണിക്കൂര്‍ ഇടവേളയാണ് ജനങ്ങള്‍ക്ക് പുറത്തുപോകുന്നതിന് അനുവദിച്ചിരുന്നത്. മരിയുപോളില്‍ നിന്ന് രണ്ട് ലക്ഷം പേരെയും വോള്‍നോവാഖയില്‍ നിന്ന് 15,000 പേരെയും ഒഴിപ്പിക്കുന്നതിനാണ് പദ്ധതിയെന്ന് ഉക്രെയ്‌ന്‍ സര്‍ക്കാരും അറിയിച്ചു. റെഡ് ക്രോസിന്റെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ തീരുമാനമുണ്ടായതെന്നും ഉക്രെയ്‌ന്‍ വ്യക്തമാക്കി. എന്നാല്‍ 400 പേരെ മാത്രമാണ് വോള്‍നോവാഖയില്‍ നിന്ന് ഒഴിപ്പിക്കാന്‍ സാധിച്ചതെന്ന് ഉക്രെയ്ന്‍ അറിയിച്ചു. റഷ്യന്‍ സൈന്യം ഷെല്ലിങ്ങ് വീണ്ടും ആരംഭിച്ചതിനെത്തുടര്‍ന്ന് ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കേണ്ടിവന്നതായി ഉക്രെയ്ന്‍ അധികൃതര്‍ ആരോപിച്ചു. വെടിനിര്‍ത്തല്‍ തീരുമാനം പ്രഖ്യാപിച്ചെങ്കിലും മരിയുപോളില്‍ റഷ്യന്‍ സൈന്യം അത് പാലിക്കുന്നില്ലെന്ന് നഗര കൗണ്‍സിലും ആരോപിച്ചു.

എന്നാല്‍ ജനങ്ങളെ ഉക്രെയ്ന്‍ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും ഇതിനാലാണ് ഒഴിപ്പിക്കാന്‍ തയ്യാറാകാത്തതെന്നും റഷ്യ ആരോപിക്കുന്നു. പത്തുദിവസത്തെ സൈനിക നടപടിയില്‍ കെര്‍സോന്‍, ബെര്‍ഡിയാന്‍സ്ക് നഗരങ്ങളാണ് റഷ്യ പൂര്‍ണമായി പിടിച്ചെടുത്തിട്ടുള്ളത്. ശക്തമായ ആക്രമണം നടന്നുകൊണ്ടിരിക്കുന്ന മരിയുപോളില്‍ ജനജീവിതം അതീവ ദുരിതത്തിലായിട്ടുണ്ട്. ഭക്ഷണവും കുടിവെള്ളവും ലഭ്യമല്ല. നാലരലക്ഷത്തിലധികം ജനങ്ങളുള്ള നഗരത്തില്‍ വൈദ്യുതി വിതരണവും നിലച്ചു. ഭക്ഷണവും മരുന്നുകളും എത്തിക്കുന്നതിനുവേണ്ടി മാനുഷിക ഇടനാഴികള്‍ സ്ഥാപിക്കണമെന്ന് വെള്ളിയാഴ്ച മേയര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വോള്‍നോവാഖയില്‍ അതിശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. മൃതദേഹങ്ങള്‍ തെരുവില്‍ ചിതറിക്കിടക്കുന്ന നിലയിലാണെന്ന് ബ്രിട്ടീഷ് ദിനപ്പത്രമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂരിഭാഗം കെട്ടിടങ്ങളും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന നിലയിലാണ്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ പോലും ലഭ്യമാക്കാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും പ്രദേശത്തെ എംപിയായ ദിമിത്രോ ലുബിനെറ്റ്സ് പറഞ്ഞു.

eng­lish sum­ma­ry; Rus­sia agrees to cease­fire; Uncertainty

you may also like this video;

Exit mobile version