ഉക്രെയ്‍ന്റെ നിക്പക്ഷ നിലപാട് സംബന്ധിച്ച റഷ്യയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമാണെന്ന് സൂചന നല്‍കി പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‍കി. ഇന്ന് തുര്‍ക്കിയില്‍ വച്ച് നടക്കുന്ന ആദ്യ മുഖാമുഖ ചര്‍ച്ചകള്‍ക്ക് ഇരു രാജ്യങ്ങളും തയാറെടുക്കുന്നതിനു മുന്നോടിയായാണ് സെലന്‍സ്‍കിയുടെ പ്രഖ്യാപനം. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നേക്കാവുന്ന പ്രധാന ആവശ്യം ഉക്രെയ്‍ന്റെ നിഷ്പക്ഷ നിലപാടായിരിക്കുമെന്നും അതുകൊണ്ട് അതു സംബന്ധിച്ച ശ്രദ്ധാപൂര്‍വമായ പഠനത്തിലാണ് താനെന്നും സെലന്‍സ്‍കി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഉക്രെയ്ന്‍ പ്രതിരോധം ശക്തമായ സാഹചര്യത്തില്‍ പ്രാദേശിക സമഗ്രതയില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്നാണ് കീവില്‍ നിന്നുള്ള വിവരം.
അതേസമയം, തുര്‍ക്കിയില്‍ നടക്കുന്ന മുഖാമുഖ ചര്‍ച്ചകളിലും പുരോഗതിയുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ഉക്രെയ്‍ന്‍ ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും സെലന്‍സ്‍കിയും തമ്മിലുള്ള നേരിട്ടുള്ള കൂടിക്കാഴ്ച ഈ ഘട്ടത്തിൽ വിപരീത ഫലമുണ്ടാക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് അഭിപ്രായപ്പെട്ടിരുന്നു. കിഴക്കന്‍ ഉക്രെയ്‍നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന റഷ്യയുടെ പ്രഖ്യാപനത്തിനു ശേഷമുള്ള കൂടിക്കാഴ്ച ഉക്രയ്‍ന്‍ പ്രതിരോധത്തില്‍ റഷ്യക്ക് അടിപതറുന്നതിന്റെ സൂചനയായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ച റഷ്യന്‍ സെെന്യം കീവില്‍ നിന്ന് പിന്‍വാങ്ങിയതായി ഉക്രെയ്‍ന്‍ സെെന്യം അവകാശപ്പെട്ടിരുന്നു.
റഷ്യയുടെ യഥാർത്ഥ ലക്ഷ്യം രാജ്യത്തെ വിഭജിക്കുകയാണെന്ന് ഉക്രെയ്‌ൻ രഹസ്യാന്വേഷണ വിഭാഗം മേധാവി കിറിലോ ബുദനോവ് ആരോപിച്ചു. ഉക്രെയ്‌നിൽ ‘ഉത്തര കൊറിയയും ദക്ഷിണ കൊറിയയും’ സ്ഥാപിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. പിടിച്ചെടുത്ത പ്രദേശങ്ങളിൽ സമാന്തര സർക്കാർ രൂപീകരിച്ച് ഉക്രെയ്‌ൻ കറൻസി ഉപയോഗിക്കുന്നതിൽനിന്ന് ജനങ്ങളെ വിലക്കാനാണ് നീക്കം. അങ്ങനെയെങ്കിൽ, രാജ്യം പൂർണ ഗറില്ലാ യുദ്ധത്തിന് സാക്ഷ്യം വഹിക്കുമെന്നും ബുദനോവ് പറഞ്ഞു.
അതിനിടെ മരിയുപോൾ ഒരു മാനുഷിക ദുരന്തത്തിന്റെ വക്കിലാണെന്ന് സിറ്റി മേയര്‍ മുന്നറിയിപ്പ് നല്‍കി. ഏകദേശം 1, 60,000 സാധാരണക്കാർ കുടുങ്ങിക്കിടക്കുകയാണെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ ആക്രമണം ഉണ്ടായേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാനുഷിക ഇടനാഴികള്‍ തുറക്കാന്‍ പദ്ധതിയില്ലെന്ന് ഉക്രെയ്‍ന്‍ ഉപപ്രധാന മന്ത്രി ഐറിന വെരേഷ്ചുക് പറഞ്ഞു.
പിടിക്കപ്പെട്ട റഷ്യൻ സൈനികരോട് ഉക്രേനിയൻ സൈന്യം മോശമായി പെരുമാറുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ പരിശോധിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. പുടിന് അധികാരത്തിൽ തുടരാനാകില്ലെന്ന ബിഡന്റെ പരാമർശം ആശങ്കയുണ്ടാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary: Russia and Ukraine for first face-to-face discussion
You may like this video also