Site iconSite icon Janayugom Online

പുതിയ സെെനിക കമാന്‍ഡറെ നിയമിച്ച് റഷ്യ

കിഴക്കന്‍ ഉക്രെയ്‍നിലേക്ക് സെെനിക വിന്യാസം പുനഃസംഘടിപ്പിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ പുതിയ സെെനിക കമാന്‍ഡറെ നിയമിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. യുഎസ്, യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജനറൽ അലക്സാണ്ടർ ഡ്വോർനിക്കോവിനെ ഉക്രെയ്‌നിലെ സെെനിക നടപടിയുടെ മേധാവിയായി നിയമിച്ചതായാണ് റിപ്പോര്‍ട്ട്.

സെെനിക മേധാവിയെ മാറ്റിയതിലൂടെ, റഷ്യയുടെ യുദ്ധ തന്ത്രങ്ങള്‍ പാളുകയാണെന്ന സത്യം മറച്ചുവയ്ക്കാനാവില്ലെന്ന് വെെറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന്‍ ആരേ­ാപിച്ചു. സിറിയയിലെ പൗരന്‍മാര്‍ക്കെതിരെ നടത്തിയ ക്രൂരകൃത്യങ്ങള്‍ക്ക് പ്രസിദ്ധി നേടിയ സെെനിക മേധാവിയാണ് അലക്സാണ്ടർ ഡ്വോർനിക്കോവെന്നും ജേക്ക് കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‍കിയുമായി കൂടിക്കാഴ്ച നടത്തി. ഉക്രെയ്‍നിയൻ പട്ടണങ്ങളിൽ കണ്ടെത്തിയ സാധാരണക്കാരുടെ മ‍ൃതദേഹങ്ങള്‍ വ്ലാദിമിര്‍ പുടിന്റെ പ്രശസ്തിയെ മലിനപ്പെടുത്തിയെന്ന് കീവ് സന്ദര്‍ശനത്തിനിടെ ബോറിസ് ജോണ്‍സണ്‍ ആരോപിച്ചു. കീഴടങ്ങുമെന്ന റഷ്യയുടെ പ്രതീക്ഷയെ ഉക്രെയ്ന്‍ തകര്‍ത്തുവെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. റഷ്യയുടെ ആക്രമണം ഒരിക്കലും ഉക്രെയ്‍നിൽ മാത്രമായി ഒതുങ്ങില്ലെന്നും യൂറോപ്പ് മുഴുവനും ലക്ഷ്യം വച്ചിരിക്കുകയാണെന്നും ബോറിസ് ജോണ്‍സണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സെലന്‍സ്‍കി പറഞ്ഞു. റഷ്യക്ക് മേല്‍ ഉപരോധം ശക്തമാക്കാനും ഉക്രെയ്‍ന് കൂടുതൽ ആയുധങ്ങൾ നൽകാനും അദ്ദേഹം പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. 2014ൽ പിടിച്ചെടുത്ത ക്രിമിയയിൽ നിന്നും റഷ്യന്‍ നിയന്ത്രണത്തിലുള്ള കിഴക്കൻ ഡോൺബാസ് മേഖലയിൽ നിന്നും ഒരു ഇടനാഴി സ്ഥാപിക്കാൻ റഷ്യ ശ്രമിക്കുന്നതായും സെലന്‍സ്‍കി ആരോപിച്ചു. 

അതിനിടെ, മധ്യ ഉക്രെയ്‍നിയന്‍ നഗരമായ നിപ്രോയിലെ വിമാനത്താവളം റഷ്യന്‍ സേന പൂര്‍ണമായും തകര്‍ത്തതായി ഉക്രെയ്‍ന്‍ സെെന്യം അറിയിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിൻ ഉൾപ്പെടെ 5,600 യുദ്ധക്കുറ്റങ്ങളില്‍ 500 റഷ്യൻ നേതാക്കൾ കുറ്റക്കാരാണെന്നും ഉക്രെയ്‍ന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, ഉക്രെയ്‍ന്റെ സെെനിക വ്യൂഹത്തെ നശിപ്പിച്ചതായി റഷ്യന്‍ സെെന്യം അറിയിച്ചിട്ടുണ്ട്. 

Eng­lish Summary:Russia appoints new mil­i­tary commander
You may also like this video

Exit mobile version