Site icon Janayugom Online

ലുഹന്‍സ്‍ക് പിടിച്ചെടുത്തതായി റഷ്യ; പ്രത്യാക്രമണം ശക്തമാക്കി ഉക്രെയ്‍ന്‍

കിഴക്കന്‍ ഉക്രെയ്‍നില്‍ റഷ്യന്‍ സെെന്യം ആധിപത്യമുറപ്പിക്കുന്നു. ലുഹന്‍സ്‍ക് പ്രവിശ്യയിലെ പ്രധാന നഗരമായ ലിസിചാന്‍സ്കിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രി അറിയിച്ചു. വിജയകരമായ സൈനിക പ്രവർത്തനങ്ങളുടെ ഫലമായി റഷ്യൻ ഫെഡറേഷന്റെ സായുധ സേനയും ലുഹാൻസ്‍ക് പീപ്പിൾസ് റിപ്പബ്ലിക്കിലെ പീപ്പിൾസ് മിലിഷ്യയുടെ യൂണിറ്റുകളും ചേർന്ന് ലിസിചാൻസ്ക് നഗരത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തതായി പ്രതിരോധ മന്ത്രി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചു. 

എന്നാല്‍ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തെന്ന റഷ്യയുടെ അവകാശ വാദം ഉക്രെയ്‍ന്‍ തള്ളിക്കളഞ്ഞു. നഗരം റഷ്യന്‍ സേനയുടെ പൂര്‍ണ നിയന്ത്രണത്തിലല്ല. ഡോണ്‍ബാസ് മേഖല വീഴുകയാണെങ്കിലും പ്രതിരോധത്തില്‍ നിന്ന് ഉക്രെയ്ന്‍ പിന്തിരിയില്ലെന്ന് സെെനിക വക്താവ് യുറി സാക് പറ‍ഞ്ഞു. ലിസിചാന്‍സ്കിലെ റഷ്യന്‍ മുന്നേറ്റം ഭീഷണയാണെന്ന് ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിയുടെ ഉപദേഷ്ടാവ് ഒലെസ്കി അരൊസ്റ്റോവിച്ച് പറഞ്ഞതിനു പിന്നാലെയാണ് യുറി സാകിന്റെ പ്രതികരണം. 

റഷ്യന്‍ മുന്നേറ്റത്തെ തള്ളിക്കളയുന്നില്ലെന്നും എന്നാല്‍ ഒന്നേോ രണ്ടോ ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നും ഒലെസ്കി അരൊസ്റ്റോവിച്ച് വ്യക്തമാക്കി. ലിസിചാന്‍സ്ക് കീഴടക്കുന്നതോടെ കിഴക്കന്‍ മേഖലയുടെ വിമോചനമെന്ന് പുടിന്‍ വിശേഷിപ്പിക്കുന്ന ലക്ഷ്യത്തിലേക്ക് റഷ്യ കൂടുതല്‍ അടുക്കും. ലിസിചാന്‍സ്കിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിലൂടെ പടിഞ്ഞാറന്‍ പ്രവിശ്യകളിലേക്ക് നീങ്ങാനുള്ള വഴിയാണ് റഷ്യക്ക് തുറന്ന് കിട്ടുക. അതിനിടെ, കിഴക്കന്‍ നഗരമായ സ്ലോവാൻസ്കിൽ നടന്ന റഷ്യന്‍ ആക്രമണത്തിൽ ആറ് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റതായും പ്രാദേശിക അധികൃതര്‍ അറിയിച്ചു. 

സ്ലോവാൻസ്കിൽ ഒന്നിലധികം റോക്കറ്റ് ലോഞ്ചറുകളിൽ നിന്നുള്ള ശക്തമായ ഷെല്ലാക്രമണം ഉണ്ടായതായി മേയർ വാഡിം ലിയാഖ് പറഞ്ഞു. നഗരത്തിൽ അടുത്തിടെയുണ്ടായ ഏറ്റവും ശക്തമായ ഷെല്ലാക്രമണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കന്‍ മേഖലയിലെ റഷ്യയുടെ മുന്നേറ്റത്തിനു പിന്നാലെ ഉക്രെയ്‍ന്‍ പ്രത്യാക്രമണം ശക്തമാക്കുന്നുണ്ട്. റഷ്യന്‍ അധിനിവേശ പ്രദേശമായ മെലിറ്റോപോളില്‍ ഉക്രെയ്ന്‍ 30 ലധികം ആക്രമണങ്ങളാണ് നടത്തിയത്. ആക്രമണത്തില്‍ റഷ്യയുടെ സെെനികത്താവളം തകര്‍ന്നതായി സെെന്യം സ്ഥിരീകരിച്ചിട്ടുണ്ട്. 

പടിഞ്ഞാറൻ റഷ്യയിലെ കുർസ്‍ക്, ബെൽഗൊറോഡ് നഗരങ്ങളിൽ ഉക്രെയ്ൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബെൽഗൊറോഡിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഉക്രെയ്ൻ അതിർത്തിയിലെ ടെറ്റ്കിനോ പട്ടണത്തിൽ മോർട്ടാർ തീപിടുത്തമുണ്ടായതായി കുർസ്‍ക് ഗവർണർ റോമൻ സ്റ്റാറോവോയിറ്റ് പറഞ്ഞു. സെെനിക ലക്ഷ്യങ്ങളിലേക്ക് ഉക്രെയ്‍ന്റെ മിസെെല്‍ ആക്രമണം ഉണ്ടായതായി ബെലാറൂസ് പ്രസിഡണ്ട് അലക്സാണ്ടർ ലുകാഷെങ്കോ ആരോപിച്ചു. എന്നാല്‍ ആക്രമണം സംബന്ധിച്ച് ഉക്രെയ്ന്‍ പ്രതികരിച്ചിട്ടില്ല. 

Eng­lish Summary:Russia cap­tures Luhansk
You may also like this video

Exit mobile version