Site iconSite icon Janayugom Online

വീണ്ടും ഹെെപ്പര്‍സോണിക് മിസെെലുകള്‍ പ്രയോഗിച്ചതായി റഷ്യ

ഉക്രെയ്‍നില്‍ വീണ്ടും കിന്‍സെല്‍ ഹെെപ്പര്‍സോണിക് മിസെെലുകള്‍ പ്രയോഗിച്ചതായി റഷ്യന്‍ അവകാശവാദം. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള ഇന്ധന സംഭരണശാല തകര്‍ക്കാന്‍ കിന്‍സെല്‍ ഉപയോഗിച്ചുവെന്നാണ് റഷ്യയുടെ പുതിയ പ്രസ്താവന. വടക്കൻ ഉക്രെയ്‌നിലെ ഓവ്‌റൂച്ച് പട്ടണത്തിലെ പരിശീലന കേന്ദ്രത്തില്‍ നടത്തിയ മിസെെലാക്രമണത്തില്‍ ഉക്രെയ്‍നിയന്‍ പ്രത്യേക സേനയിലെ നൂറിലധികം സെെനികര്‍ കൊല്ലപ്പെട്ടതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലുകളുള്ള കിൻസെല്‍, മെെക്കോലോവ് മേഖലയിലെ ഉക്രെയ്‍നിയൻ സായുധ സേനയുടെ ഇന്ധന സംഭരണകേന്ദ്രം തകര്‍ത്തതായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന. ഉക്രെയ്‍ന്‍ സെെന്യത്തിന്റെ കവചിത വാഹനങ്ങള്‍ക്കുള്ള പ്രധാന ഇന്ധന വിതരണ കേന്ദ്രമാണ് മിസെെലാക്രമണത്തിലൂടെ തര്‍ത്തത്.

റഷ്യൻ നിയന്ത്രണത്തിലുള്ള ക്രിമിയയ്ക്ക് മുകളിലൂടെയുള്ള വ്യോമാതിർത്തിയിൽ നിന്നാണ് കിൻസെൽ (ഡാഗർ) ഹൈപ്പർസോണിക് മിസൈലുകൾ വിക്ഷേപിച്ചത്. കാസ്പിയൻ കടലിൽ നിന്ന് വിക്ഷേപിച്ച കലിബർ ക്രൂയിസ് മിസൈലുകളും കവചിത വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ഉപയോഗിക്കുന്ന വടക്കൻ നഗരമായ നിജിനിലെ ഒരു കേന്ദ്രത്തെ ലക്ഷ്യമിട്ട് പ്രയോഗിച്ചിരുന്നതായും മന്ത്രാലയം അറിയിച്ചു. റൊമാനിയന്‍ അതിർത്തിയോട് ചേർന്നുള്ള ഭൂഗർഭ ആയുധപ്പുര നശിപ്പിക്കാൻ കിൻസെൽ ഹൈപ്പർസോണിക് മിസൈലുകൾ ഉപയോഗിച്ചിരുന്നുവെന്ന് റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നു. സംഭരണകേന്ദ്രത്തിനു നേരെ മിസെെലാക്രമണമുണ്ടായതായി ഉക്രെയ്‍ന്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഹെെപ്പര്‍സോണിക് മിസെെലുകളാണ് പ്രയോഗിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.

eng­lish summary;Russia claims to have used hyper­son­ic mis­siles again

you may also like this video;

Exit mobile version