Site iconSite icon Janayugom Online

കിഴക്കന്‍ മേഖലയുടെ നിയന്ത്രണത്തിനായി റഷ്യ

UKraineUKraine

കിഴക്കന്‍ ഉക്രെയ്‍ന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കവുമായി റഷ്യ. സെെനിക നടപടി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഡോണ്‍ബാസിന്റെയും തെക്കന്‍ ഉക്രെയ്‍ന്റെയും പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ പദ്ധതിയിടുന്നതായി റഷ്യന്‍ സേനയുടെ ഡെപ്യൂട്ടി കമാന്‍ഡറെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക്സ് റിപ്പോര്‍ട്ട് ചെയ്തു. ക്രിമിയയ്ക്കും ഡോൺബാസിനും ഇടയിൽ ഒരു ഇടനാഴി നിർമ്മിക്കാൻ റഷ്യ പദ്ധതിയിട്ടിരുന്നതായും കമാന്‍ഡറെ ഉദ്ധരിച്ച് റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ പ്രദേശത്തിന്റെ നിയന്ത്രണം, വിഘടിത പ്രദേശമായ ട്രാൻസ്‍നിസ്ട്രിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുമെന്നാണ് റഷ്യയുടെ വിലയിരുത്തല്‍.
റഷ്യൻ സൈന്യം നിലയുറപ്പിച്ചിരിക്കുന്നതിനാൽ, ഫലത്തിൽ റഷ്യയുടെ സ്വാധീനത്തിലോ നിയന്ത്രണത്തിലോ ഉള്ള പ്രദേശമായാണ് ട്രാൻസ്‍നിസ്ട്രിയെ മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കോടതി കണക്കാക്കുന്നത്. ട്രാന്‍സ്‍നിസ്ട്രിയിയിലെ റഷ്യന്‍ സംസാരിക്കുന്ന ജനവിഭാഗത്തെ അടിച്ചമര്‍ത്തുവെന്നാണ് റഷ്യയുടെ വാദം. ഫലത്തില്‍, തെക്കന്‍ ഉക്രെയ്‍ന്റെ നിയന്ത്രണമേറ്റെടുത്ത് ട്രാന്‍സ്‍നിസ്ട്രിയുടെ വിമോചനമാണ് റഷ്യയുടെ ലക്ഷ്യം.
അതേസമയം, തെക്കന്‍ നഗരങ്ങളായ കേര്‍സനിലും സപ്പോരീഷ്യയിലും സ്വാതന്ത്ര്യ റഫറണ്ടം (ഇന്‍ഡിപെന്‍ഡന്റ് റഫറണ്ടം) പ്രചരിപ്പിക്കാന്‍ റഷ്യ പദ്ധതിയിടുന്നതായി ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‍കി ആരോപിച്ചു. ഉക്രെയ്‍ന്‍ പൗരന്‍മാര്‍ വ്യക്തിഗത വിവരങ്ങള്‍ റഷ്യന്‍ സേനയ്ക്ക് കെെമാറരുതെന്നും സെലന്‍സ്‍കി ആവശ്യപ്പെട്ടു.
അതിനിടെ, മരിയുപോളിലെ അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റില്‍ ആക്രമണം രൂക്ഷമായി തുടരുകയാണെന്ന് സിറ്റി മേയര്‍ അറിയിച്ചു. സെെനികര്‍ക്കൊപ്പം നൂറുക്കണക്കിന് സാധാരണക്കാരും പ്ലാന്റിലുണ്ടെന്നാണ് ഉക്രെയ്ന്‍ പറയുന്നത്. എന്നാല്‍ ഉക്രെയ്‍നിയൻ സൈന്യം കീഴടങ്ങിയാൽ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റില്‍ നിന്ന് സാധാരണക്കാരെ ഒഴിഞ്ഞുപോകാന്‍ അനുവദിക്കാമെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്‍താവനയില്‍ അറിയിച്ചത്. സിവിലിയന്മാരെ ഒഴിപ്പിക്കുന്നതിനായി വെടിനിര്‍ത്തലിന് “മാനുഷികമായ താൽക്കാലിക വിരാമം” പ്രഖ്യാപിക്കാൻ ഏത് നിമിഷവും റഷ്യ തയാറാണെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഉക്രെയ്ൻ സൈന്യം “വെളുത്ത പതാക ഉയർത്തുന്ന നിമിഷം വെടിനിർത്തൽ ആരംഭിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, കീവിലെ എംബസി പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍ വ്ലാദിമിര്‍ പുടിനുമായും വ്ലാദിമിര്‍ സെലന്‍സ്‍കിയുമായും വരും ദിവസങ്ങളില്‍ ഫോണ്‍ സംഭാഷണം നടത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. അടുത്തയാഴ്ച ചെർണോബിൽ ആണവനിലയം സന്ദർശിക്കുമെന്ന് യുഎൻ ആറ്റോമിക് വാച്ച് ഡോഗ് തലവൻ റാഫേൽ ഗ്രോസി അറിയിച്ചു. 

Eng­lish Sum­ma­ry: Rus­sia for con­trol of the east­ern region

You may like this video also

Exit mobile version