Site iconSite icon Janayugom Online

ഉക്രെയ‍്നില്‍ ആക്രമണം കടുപ്പിച്ച് റഷ്യ; വ്യോമാക്രമണങ്ങളില്‍ 14 മരണം

ഉക്രെയ‍്നില്‍ റഷ്യ നടത്തിയ മിസെെലാക്രമണത്തില്‍ 14 മരണം. കിഴക്കന്‍ ഡൊണട്സ്ക് മേഖലയില്‍ റഷ്യന്‍ സെെന്യം നടത്തിയ ആക്രമണത്തില്‍ അഞ്ച് കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഖര്‍കീവില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഡൊണട്സ്കിലെ മിസൈൽ ആക്രമണം ഡോബ്രോപില്ല്യ പട്ടണത്തെ ലക്ഷ്യമിട്ടാണെന്ന് ഉക്രെയ‍്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി പറഞ്ഞു. ആദ്യത്തെ ആക്രമണത്തിനു ശേഷം സംഭവസ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തരെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടത്തിയതായും സെലന്‍സ്കി ആരോപിച്ചു. റഷ്യ അവലംബിക്കുന്ന നീചവും മനുഷ്യത്വരഹിതവുമായ ഒരു ഭീഷണിപ്പെടുത്തൽ തന്ത്രമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.

വെള്ളിയാഴ്ച ഉക്രെയ്‌നിനെതിരെ റഷ്യൻ സൈന്യം 67 മിസൈലുകളും 194 ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ഊര്‍ജ, സിവിലയന്‍ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടത്. ഉക്രെയനുള്ള സെെനിക സഹായവും രഹസ്യാന്വേഷണ വിവര കെെമാറ്റവും യുഎസ് നിര്‍ത്തിവച്ചതിനു ശേ­ഷം നടന്ന ആദ്യത്തെ ആക്രമണമാണിത്. 

ഫെബ്രുവരി 28 ന് വൈറ്റ് ഹൗസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സെലെൻസ്‌കിയും തമ്മിൽ നടന്ന പരസ്യ ഏറ്റുമുട്ടലിനെത്തുടർന്ന് ഉക്രെയ‍്നുമായി സൈനിക സഹായവും രഹസ്യാന്വേഷണ വിവരങ്ങളും പങ്കിടുന്നത് അമേരിക്ക നിർത്തിവച്ചു. റഷ്യൻ സൈനികരുടെ നീക്കങ്ങൾ ട്രാക്ക് ചെയ്യുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും യുഎസ് നാഷണൽ ജിയോസ്പേഷ്യൽ-ഇന്റലിജൻസ് ഏജൻസി ഉക്രെയ്‍നുമായി ഉപഗ്രഹ ചിത്രങ്ങൾ പങ്കിട്ടിരുന്നു. 

Exit mobile version