Site icon Janayugom Online

കീവില്‍ വ്യോമാക്രമണം കടുപ്പിച്ച് റഷ്യ

ഉക്രെയ‍്ന്‍ തലസ്ഥാനമായ കീവില്‍ വ്യോമാക്രമണം കടുപ്പിച്ച് റഷ്യ. നഗരപ്രദേശങ്ങളിൽ ബോംബർ വിമാനങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി ഉക്രെയ‍്ന്‍ സെെന്യം അറിയിച്ചു. റഷ്യയുടെ മിസൈൽ ആക്രമണം സംബന്ധിച്ച് സെെന്യം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെ റഷ്യ ചാവേർ ഡ്രോണുകളയച്ച് ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ഉക്രെയ്ന്‍ വ്യോമസേന മുന്നറിയിപ്പ് പ്രസ്താവനകൾ പുറത്തിറക്കിയത്. റഷ്യ ഉക്രെയ്നിലേക്കയച്ച 35 ഡ്രോണുകളിൽ മുഴുവനും വ്യോമസേന തകര്‍ത്തതായും സെെന്യം അറിയിച്ചു. ഖർകീവ്, കീവ്, മൈകോലൈവ്, സപോരീഷ്യ എന്നീ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ ഡ്രോൺ ആക്രമണം. ഉക്രെയ്ന്റെ ഭാഗത്തുനിന്നും ശക്തമായ പ്രത്യാക്രമണം നടക്കുന്നതിനാൽ തുടർന്നും റഷ്യൻ മിസൈൽ ആക്രമണങ്ങളുടെ തോത് വർധിക്കാൻ സാധ്യത ഏറെയാണെന്നാണ് റിപ്പോർട്ട്.

ബോംബർ വിമാനങ്ങളായ ടിയു-95എംഎസിൽ നിന്ന് ക്രൂയിസ് മിസൈലുകൾ വിക്ഷേപിക്കുമെന്ന് ഭീഷണിയുള്ളതായും, 16 ടിയു-95എംഎസ് സ്ട്രാറ്റജിക് ബോംബറുകളുടെ സാന്നിധ്യം അന്തരീക്ഷത്തിൽ കണ്ടെത്തിയതായും ഉക്രെയ‍്ന്‍ സേന പ്രസ്താവനയില്‍ പറഞ്ഞു. ക്രൂയിസ് മിസൈലുകളുടെ സാന്നിധ്യമുള്ളതിനാൽ മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമാകാനുള്ള സാധ്യത കൂടുതലാണ്. ശീതയുദ്ധകാലം മുതൽ റഷ്യൻ വ്യോമസേനയുടെ പ്രധാന ഭാഗമായിരുന്ന തന്ത്രപ്രധാനമായ ബോംബർ വിമാനങ്ങളാണ്, ബിയർ-എച്ച് എന്നറിയപ്പെടുന്ന ടിയു-95എംഎസ്. 

ടിയു-95 എംഎസ് അണുബോംബുകൾ ഉൾപ്പെടെ വിവിധ പേലോഡുകൾ വഹിക്കാൻ സാധിക്കുന്നവയാണ്. കനത്ത പ്രതിരോധമുള്ള വ്യോമാതിർത്തിയിൽ പ്രവേശിക്കാതെ തന്നെ ലക്ഷ്യം തകർക്കാനും ഇവയ്ക്ക് സാധിക്കും. ഡിസംബർ 29ന് ഉക്രെയ്നിലെ പ്രധാന നഗരങ്ങളില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ മുപ്പതോളം പേരാണ് കൊല്ലപ്പെട്ടത്. 160പേര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കീവ്, ഒഡേസ, ഖര്‍കീവ്, ലിവിവ് നഗരങ്ങളിലാണ് റഷ്യ ഒരേസമയം ആക്രമണം നടത്തിയത്.

Eng­lish Summary;Russia inten­si­fies airstrikes in Kiev
You may also like this video

Exit mobile version