Site iconSite icon Janayugom Online

റഷ്യ‑ഇറാൻ കൂട്ടുകെട്ട്; റാഷ്ത്-അസ്താര റെയിൽവേ ലൈൻ യാഥാർഥ്യമാവുന്നു

പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളെ മറികടക്കുന്നതിനും ആഗോള വ്യാപാരം പുനർനിർമ്മിക്കുന്നതിനുമായി ഇറാനും റഷ്യയും പുതിയ പദ്ധതിയുമായി മുന്നോട്ട്. റാഷ്ത് മുതൽ അസ്താര വരെയുള്ള 162 കിലോമീറ്റർ റെയിൽവേ ലൈൻ പദ്ധതിക്കാണ് ഇരു രാജ്യങ്ങളും രൂപം നൽകുന്നത്. അസ്താര–റഷ്ത്–കാസ്‌വിൻ റെയിൽവേ ഇടനാഴി, റഷ്യ, അസർബൈജാൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ നിലവിലുള്ള റെയിൽവേകളെ ബന്ധിപ്പിക്കും. ഇൻ്റർനാഷണൽ നോർത്ത്–സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോറിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ഗതാഗത റൂട്ടുകൾ സംയോജിപ്പിക്കും. ഏകദേശം 1.6 ബില്യൺ യൂറോ ചെലവിൽ നിർമ്മിക്കുന്ന ഈ റെയിൽവേ ലൈനിന് പ്രധാനമായും ധനസഹായം നൽകുന്നത് റഷ്യയാണ്. 

2025 ജനുവരിയിൽ ഒപ്പുവെച്ച 20 വർഷത്തെ പങ്കാളിത്ത ഉടമ്പടിയുടെ ഭാഗമായി റഷ്യൻ എഞ്ചിനീയർമാരാണ് പദ്ധതി നിർമ്മിക്കുന്നത്. ഈ ഇടനാഴി ഇരു രാഷ്ട്രങ്ങളെയും ഒരു സമാന്തര സാമ്പത്തിക ക്രമത്തിൽ നിർണായക പങ്കാളികളാക്കി മാറ്റും. പദ്ധതി പൂർത്തിയാകുമ്പോൾ, പാശ്ചാത്യ നാവിക സാന്നിധ്യമില്ലാത്ത ഈ റൂട്ടുകളിലൂടെ പ്രതിവർഷം എണ്ണ, വാതകം, ഉരുക്ക്, ഭക്ഷണം, യന്ത്രങ്ങൾ ഉൾപ്പെടെ 20 ദശലക്ഷം ടൺ വരെ ചരക്ക് കൊണ്ടുപോകാൻ സാധിക്കും. സൂയസ് കനാൽ പോലുള്ള സമുദ്ര പാതകളെ ആശ്രയിക്കാതെ, അമേരിക്കൻ കപ്പലുകൾക്ക് ഉപരോധിക്കാനോ യൂറോപ്യൻ ബാങ്കുകൾക്ക് മരവിപ്പിക്കാനോ കഴിയാത്ത തന്ത്രപ്രധാനമായ ഒരു വ്യാപാര റൂട്ടാണ് ഇത്.

Exit mobile version