Site icon Janayugom Online

റഷ്യ വിശ്വസ്തനായ പങ്കാളി; ചെെനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് റഷ്യയില്‍

ചെെനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് റഷ്യയിലെത്തി. സന്ദർശനം ഫലപ്രദമാകുമെന്നും ചൈനീസ്-റഷ്യൻ ബന്ധങ്ങളുടെ ആരോഗ്യകരവും സുസ്ഥിരവുമായ വികാസത്തിന് പുതിയ ആക്കം നൽകുമെന്ന് വിശ്വസിക്കുന്നതായും മോസ്‍കോ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ഷീ പറഞ്ഞു. റഷ്യയെ വിശ്വസ്തനായ പങ്കാളിയെന്നാണ് ഷീ വിശേഷിപ്പിച്ചത്. മൂന്നാം തവണയും ചെെനീസ് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ വിദേശ യാത്രയാണിത്.
റഷ്യയുമായി ചേർന്ന്, യുഎൻ കേന്ദ്രീകൃതമായ അന്താരാഷ്ട്ര സംവിധാനത്തെ ദൃഢമായി പ്രതിരോധിക്കാൻ ചൈന തയ്യാറാണെന്നും അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ ലോകക്രമത്തിൽ കാവൽ നിൽക്കുമെന്നും ഷീ കൂട്ടിച്ചേർത്തു. 

വ്ലാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ ഉക്രെയ‍്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ ഷീ മുന്നേ­ാട്ടുവയ്ക്കുമെന്നാണ് സൂചനകള്‍. ഇന്നലെ അനൗപചാരിക ചര്‍ച്ചകളാണ് ഇരു നേതാക്കളും നടത്തിയത്. ഉക്രെയ‍്ന്‍ സംഘര്‍ഷമുള്‍പ്പെടെയുള്ള ഔപചാരിക വിഷയങ്ങള്‍ ഇന്നത്തെ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്ന് ക്രെംലിന്‍ അറിയിച്ചു. ഉഭയകക്ഷി ബന്ധങ്ങളെയും പരസ്പര താല്പര്യമുള്ള പ്രധാന അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളെയും കുറിച്ച് ഷീ പുടിനുമായി ആശയവിനിമയം നടത്തും. ബന്ധം ആഴത്തിലാക്കുന്നതിനായി സംയുക്തമായ ഒരു രൂപരേഖ വികസിപ്പിക്കുമെന്ന് ചെെനയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. 

ആഗോള സാഹചര്യം പ്രക്ഷുബ്ധമായിരിക്കുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യവും സ്വാധീനവും ഉഭയകക്ഷി പരിധിക്കപ്പുറമാണെന്നാണ് ചെെനീസ് വിദേശകാര്യ വക്താവ് വാങ് വെര്‍ബിന്‍ പ്രതികരിച്ചത്. ഉക്രെയ‍്ന്‍ പ്രസി‍ഡന്റ് വ്ലാദിമര്‍ സെലന്‍സ്കിയുമായി ഷീ ജിന്‍ പിങ് ആശയവിനിമയം നടത്തുമെന്ന് സൂചനകളുണ്ടെങ്കിലും ചെെന ഇക്കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിച്ച സാഹചര്യത്തില്‍ ഉക്രെയ‍്ന്‍ പ്രതിസന്ധി പരിഹാരത്തിനും ചെെന പ്രധാന ഇടപെടല്‍ നടത്തിയേക്കുമെന്നാണ് വിലയിരുത്തുന്നത്. ഉക്രെയ‍്ന്‍ വിഷയത്തില്‍ മാത്രമല്ല, അന്താരാഷ്ട്ര കാര്യങ്ങളിൽ പ്രധാനവും ഒഴിച്ചുകൂടാനാവാത്തതുമായ രാജ്യമെന്ന നിലയിലേക്കുള്ള വളര്‍ച്ചയാണ് ഷീ ലക്ഷ്യമിടുന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 

Eng­lish Summary;Russia is a loy­al part­ner; Chi­nese Pres­i­dent Xi Jin­ping in Russia

You may also like this video

Exit mobile version