Site iconSite icon Janayugom Online

ഏറ്റവും കൂടുതല്‍ ഉപരോധങ്ങള്‍ നേരിടുന്ന രാജ്യം റഷ്യ

ഉക്രെയ്‌നിന് നേരെയുള്ള ആക്രമണത്തെ തുടര്‍ന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ഉപരോധങ്ങള്‍ നേരിടുന്ന രാജ്യമായി റഷ്യ. ഉപരോധങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസ്റ്റ്‌ലം ഡോട്ട് എഐ എന്ന സൈറ്റാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.

റഷ്യ- ഉക്രെയ്ന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഫെബ്രുവരി 22നാണ് യുഎസും സഖ്യകക്ഷികളും റഷ്യക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതിനു തൊട്ടടുത്ത ദിവസം റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഡൊണട്‌സ്ക് , ലുഗാന്‍സ്ക് എന്നീ പ്രദേശങ്ങളെ സ്വതന്ത്ര റിപ്പബ്ലിക്കുകളായി പ്രഖ്യാപിച്ചു. 24 ന് ഉക്രെയ്‌നിന് എതിരെ സൈനിക നടപടി സ്വീകരിച്ചതോടെ നിരവധി രാജ്യങ്ങള്‍ റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തി.

ഫെബ്രുവരി 22ന് മുമ്പ് തന്നെ റഷ്യക്കെതിരെ വിവിധ രാജ്യങ്ങളുടെ 2,754 ഉപരോധങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കാസ്റ്റ്‌ലം ഡോട്ട് എഐ പറയുന്നു. എന്നാല്‍ യുദ്ധ സാഹചര്യത്തില്‍ 2,778 ഉപരോധങ്ങള്‍ കൂടി നേരിടേണ്ടി വന്നു. ഇതോടെ റഷ്യക്കെതിരെയുള്ള ഉപരോധങ്ങളുടെ എണ്ണം 5532 ആയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ ഉപരോധങ്ങള്‍ നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇറാനെ പിന്തള്ളി റഷ്യ ഒന്നാമതെത്തി.

നേരത്തെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇറാനെതിരെ 3,616 ഉപരോധങ്ങളാണ് നിലനില്‍ക്കുന്നതെന്ന് കാസ്റ്റ്‌ലം ഡോട്ട് എഐയുടെ കണക്കുകളെ ഉദ്ധരിച്ചുള്ള ബിബിസി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സ്വിറ്റ്സര്‍ലന്റ് (568), യൂറോപ്യന്‍ യൂണിയന്‍ (518), കാനഡ (454), ഓസ്ട്രേലിയ (413), യുഎസ് (243), യുകെ (35), ജപ്പാന്‍ (35) എന്നിങ്ങനെയാണ് റഷ്യക്കു നേരെയുള്ള ഉപരോധങ്ങളുടെ കണക്ക്.

Eng­lish Sum­ma­ry: Rus­sia is the coun­try fac­ing the most sanctions

You may like this video also

Exit mobile version