റഷ്യയെ ദുര്‍ബലമാക്കുകയാണ് ആവശ്യമെന്ന് പ്രഖ്യാപിച്ച് യുഎസ്. ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‍കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, യുഎസ് പ്രതിരോധ സെക്രെട്ടറിയാണ് ഇക്കാര്യം പ്രസ്‍താവിച്ചത്. ഉക്രെയ്‍ന്‍ ഒരു പരാമാധികാര ജനാധിപത്യ രാജ്യമായി തുടരുന്നതു കാണാനാണ് ആഗ്രഹിക്കുന്നത്. അതോടൊപ്പം ഉക്രെയ്‍നില്‍ നടത്തുന്നതുപോലെയുള്ള നടപടികള്‍ ചെയ്യാന്‍ സാധിക്കാത്ത വിധം റഷ്യ ദുര്‍ബലമാകുന്നത് കാണാനു ആഗ്രഹിക്കുന്നതായി പ്രതിരോധ സെക്രട്ടറി ല്ലോയ്ഡ് ഓസ്റ്റില്‍ പറഞ്ഞു. റഷ്യക്ക് ഇതിനോടകം തന്നെ ഒരുപാട് സെെനിക ശേഷി നഷ്ടപ്പെട്ടു. അവ പുനര്‍നിര്‍മ്മിക്കാനാവാത്ത വിധം കഴിവില്ലാത്തവരായ റഷ്യയെ കാണാന്‍ ആഗ്രഹിക്കുന്നതായും ഓസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. ശരിയായ ഉപകരണങ്ങളും പിന്തുണയും ഉണ്ടെങ്കില്‍ ഉക്രെയ്‍ന് വിജയിക്കാനാവുമെന്ന് വിശ്വസിക്കുന്നതായും ഓസ്റ്റിന്‍ പറഞ്ഞു.
റഷ്യ സെെനിക നടപടിയുടെ ലക്ഷ്യങ്ങളില്‍ പരാജയപ്പെടുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനു പറഞ്ഞു. ഉക്രെയ്‍ന് കൂടുതല്‍ സഹായവും യുഎസ് വാഗ്‍ദാനം ചെയ്തിട്ടുണ്ട്. സെെനിക നടപടി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് യുഎസ് ഉന്നതതല ഉദ്യാഗസ്ഥര്‍ ഉക്രെയ്‍ന്‍ സന്ദര്‍ശിക്കുന്നത്. ഉക്രെയ്ൻ സന്ദര്‍ശനം തല്കാലം നടത്തില്ലെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബെെഡന്റെ പ്രഖ്യാപനം. റഷ്യ- ഉക്രെയ്‍ന്‍ സംഘര്‍ഷത്തില്‍ യുഎസിന്റെ പരോക്ഷമായ നിലപാടാണ് ഓസ്റ്റിന്റെ പ്രസ്‍താവനയിലൂടെ വെളിപ്പെട്ടത്. റഷ്യയെ ദുര്‍ബലമാക്കി , എതിരില്ലാതെ ലോകരാജ്യങ്ങളുടെ തലപ്പത്തിരിക്കുക എന്ന യുഎസിന്റെ നയമാണ് ഓസ്റ്റിന്‍ പറഞ്ഞുവച്ചത്. അതിനിടെ, ഉക്രെയ്‍നിലേക്ക് ആയുധം നല്‍കുരുതെന്ന് റഷ്യ യുഎസിന് വീണ്ടും മുന്നറിയിപ്പ് നല്‍കി.
അതേസമയം, മരിയുപോളിലെ അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കാന്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഉക്രെയ്‍ന്‍ തീരുമാനിക്കുന്നിടത്തേക്ക് പൗരന്‍മാരെ ഒഴിപ്പിക്കാമെന്നും റഷ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്ലാന്റില്‍ നിന്ന് വെളുത്ത പതാക ഉയര്‍ത്തി ഒഴിപ്പിക്കല്‍ നടപടി ആരംഭിക്കാന്‍ ഉക്രെയ്ന്‍ സെെന്യം സന്നദ്ധത അറിയിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മരിയുപോളില്‍ നിന്ന് മാനുഷിക ഇടനാഴി സംബന്ധിച്ച് റഷ്യയുമായി ധാരണയിലെത്തിയിട്ടില്ലെന്നാണ് ഉക്രെയ്‍ന്‍ ഉപപ്രധാനമന്ത്രി ഐറീന വെരേഷ്ചുക്ക് പറഞ്ഞത്.
ഒരു മണിക്കുറിനിടെ മധ്യ, പടിഞ്ഞാറന്‍ ഉക്രെയ്‍ന്‍ നഗരങ്ങളിലെ അഞ്ച് റയില്‍വേ സ്റ്റേഷനുകള്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നതായും ഉക്രെയ്‍ന്‍ അറിയിച്ചു. ഉക്രെയ്‍ന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള റഷ്യന്‍ നഗരമായ ബ്രയാന്‍സ്‍കിലെ രണ്ട് എണ്ണ ഡിപ്പോയില്‍ തീപിടിത്തമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ, സ്വീഡനും ഫിൻലൻഡും നാറ്റോയിൽ ചേരുന്നതിനുള്ള അപേക്ഷകൾ ഒരേ സമയം സമർപ്പിക്കാൻ സമ്മതിച്ചതായി ഒരു സ്വീഡിഷ് പത്രം റിപ്പോർട്ട് ചെയ്തു.
English Summary:Russia needs to be weakened: US
You may also like this video