Site iconSite icon Janayugom Online

റഷ്യയുടെ മുന്നറിയിപ്പ് തള്ളി: കീഴടങ്ങില്ലെന്ന് ഉക്രെയ്‍ന്‍

ukraineukraine

മരിയുപോളിലെ സൈനികർ ആയുധം വച്ച് കീഴടങ്ങണമെന്ന റഷ്യയുടെ മുന്നറിയിപ്പ് തള്ളി ഉക്രെയ്ൻ. ആ‍യുധം താഴെവച്ച് റഷ്യക്ക് മുമ്പിൽ കീഴടങ്ങാൻ ഒരിക്കലും തയാറല്ലെന്ന് ഉക്രെയ്ൻ ഉപ പ്രധാനമന്ത്രി ഐറിന വെരെഷ്ചുക് വ്യക്തമാക്കി. കീഴടങ്ങുന്നത് സംബന്ധിച്ച ചിന്ത പോലും ഉണ്ടാകില്ല. ഇക്കാര്യം റഷ്യയെ നേരത്തെ തന്നെ അറിയിച്ചതാണെന്നും വെരെഷ്ചുക് പറഞ്ഞു.
റഷ്യന്‍ സെെന്യം തീവ്രവാദികളെ പോലെയാണ് പെരുമാറുന്നതെന്നും അവര്‍ ആരോപിച്ചു. നഗരത്തില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം റഷ്യന്‍ സെെന്യം തടസപ്പെടുത്തുന്നതായി ഉക്രെയ്‍ന്‍ ആരോപിക്കുന്നുണ്ട്. ഓരോ 10 മിനിറ്റിലും മരിയുപോളിൽ ബോംബാക്രമണം നടക്കുന്നുവെന്നാണ് പ്രാദേശിക ഭരണകൂടം പറയുന്നത്. നാല് ലക്ഷത്തോളം ജനസംഖ്യയുള്ള നഗരമാണ് മരിയുപോൾ. കനത്ത ഏറ്റുമുട്ടൽ തുടരുന്ന ഇവിടെ 2,300 പേർ കൊല്ലപ്പെട്ടതായാണ് ഉക്രെയ്ൻ അധികൃതർ പറയുന്നത്. ചര്‍ച്ചയില്‍ ആശാവഹമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് റഷ്യ അറിയിച്ചു.
അതേസമയം തലസ്ഥാന നഗരമായ കീവിലെ ഷോപ്പിങ് സെന്ററിലുണ്ടായ ബോംബാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. ഉക്രെയ്ന്‍ പ്രോസിക്യൂട്ടര്‍ ജനറലാണ് ആക്രമണ വിവരം സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. കീവില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു.
മറ്റൊരു പ്രധാന നഗരമായ ഒഡേസയിലും ഒരിടവേളയ്ക്ക് ശേഷം റഷ്യ ആക്രമണം ശക്തമാക്കി. ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണമുണ്ടായതെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. ക്രിമിയയില്‍ നിന്നുള്ള റഷ്യന്‍ സൈന്യമാണ് ഒഡേസ ലക്ഷ്യമാക്കി നീങ്ങുന്നത്. മൈകോലൈവ് നഗരവും റഷ്യന്‍ സേന വളഞ്ഞിട്ടുണ്ട്.

Eng­lish Sum­ma­ry: Rus­sia rejects warn­ing: Ukraine refus­es to surrender

You may like this video also

Exit mobile version