Site iconSite icon Janayugom Online

ഫിന്‍ലന്‍ഡിന്റെ നാറ്റോ അംഗത്വം സുരക്ഷാ ഭീഷണിയാണെന്ന് റഷ്യ

ഫിന്‍ലന്‍ഡിന്റെ നാറ്റോ അംഗത്വം സുരക്ഷാഭീഷണിയാണെന്ന് റഷ്യ. റഷ്യയോടുള്ള യൂറോപ്യന്‍ യൂണിയന്റെ സൗഹൃദപരമല്ലാത്ത മനോഭാവത്തിനൊപ്പം ചേരാനുള്ള ഫിന്‍ലന്‍ഡിന്റെ തീരുമാനം ഖേദകരമാണെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‍കോവ് പറഞ്ഞു. റഷ്യയും നാറ്റോയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ എല്ലാവരും ആഗ്രഹിക്കുന്നുവെന്നും, നാറ്റോ വിപുലീകരണം ലോകത്തെയോ യൂറോപ്പിനെയോ കൂടുതൽ സ്ഥിരതയുള്ളതാക്കില്ലെന്നും പെ­സ്‍കോവ് ചൂണ്ടിക്കാട്ടി. ഉക്രെയ്‌നുമായി അതിർത്തി പങ്കിടുന്ന റഷ്യൻ പ്രദേശങ്ങളിലെ ആക്രമണങ്ങൾ ആ പ്രദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ നടപടികൾ ആവശ്യമാണെന്നതിന്റെ സൂചനയാണെന്നും പെസ്‍കോവ് പറഞ്ഞു. റഷ്യയുടെ ദേശീയ സുരക്ഷയ്ക്ക് ഉയർന്നുവരുന്ന ഭീഷണികൾ തടയുന്നതിന്, സൈനിക‑സാങ്കേതികവും മറ്റ് സ്വഭാവവുമുള്ള പ്രതികാര നടപടികൾ സ്വീകരിക്കാൻ റഷ്യ നിർബന്ധിതരാകുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും മുന്നറിയിപ്പ് നല്‍കി.

ഫിന്‍ലന്‍ഡിലേക്കുള്ള ഇന്ധന വിതരണം റഷ്യ വെട്ടിക്കുറച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ധന വിതരണം വെട്ടിക്കുറച്ചാല്‍ ഫിന്‍ലന്‍ഡിലെ വ്യവസായങ്ങൾക്കും ഭക്ഷ്യ ഉല്പാദനത്തിനും ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. ഫിൻലൻഡ് പ്രസിഡന്റ് സൗലി നിനിസ്റ്റോ, ഉക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിര്‍ സെലൻസ്‌കിയുമായി ചര്‍ച്ച നടത്തി. നാറ്റോ അംഗത്വത്തിലേക്കുള്ള ഫിൻലൻഡിന്റെ നടപടികളെ സെലൻസ്കി പിന്തുണച്ചതായും നിനിസ്റ്റോ പറഞ്ഞു. എസ്തോണിയ, ഡെൻമാർക്ക്, റൊമാനിയ നേതാക്കളും ഫിന്‍ലന്‍ഡിന് പിന്തുണ അറിയിച്ചു. നാറ്റോ പ്രവേശനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് നിനിസ്റ്റോയും പ്രധാനമന്ത്രി സന മരിനും സംയുക്ത പ്രസ്‍താവനയില്‍ അറിയിച്ചു. 

റഷ്യയുമായി 1,300 അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് റഷ്യ. ഫിന്‍ലന്‍ഡിന്റെ നാറ്റോ അംഗത്വത്തിനുള്ള പൊതുജന പിന്തുണ മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ട്. അംഗത്വ അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് ഔ­ദ്യോഗിക തീരുമാനമെടുക്കാൻ പ്രസിഡന്റും പ്രധാനമന്ത്രിയും മുതിർന്ന ക്യാബിനറ്റ് മന്ത്രിമാരും ഞായറാഴ്ച യോഗം ചേരും. തീരുമാനം അടുത്തയാഴ്ച ആദ്യം പാർലമെന്റിന്റെ അംഗീകാരത്തിനായി അവതരിപ്പിക്കും. അതിനിടെ, ഫിന്‍ലന്‍ഡിന്റെ പ്രവേശന പ്രക്രിയ വേഗത്തില്‍ നടത്തുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പ്രഖ്യാപിച്ചു. ഫിൻലൻഡ് നാറ്റോയുടെ ഏറ്റവും അടുത്ത പങ്കാളികളിൽ ഒന്നാണെന്നും യൂറോ-അറ്റ്ലാന്റിക് സുരക്ഷയിൽ ഫിന്‍ലന്‍ഡിന് സുപ്രധാന പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ അനൗദ്യോഗിക യോഗത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നാളെ യൂറോപ്പിലേക്ക് പോകും. 

Eng­lish Summary:Russia says Fin­land’s NATO mem­ber­ship a secu­ri­ty threat
You may also like this video

Exit mobile version