Site iconSite icon Janayugom Online

വീണ്ടും ഹൈപ്പര്‍സോണിക്ക് മിസെെലുകള്‍ പരീക്ഷിച്ച് റഷ്യ

ഉക്രെയ്‍നില്‍ ആക്രമണം ശക്തമാക്കുന്നതിനിടെ സിര്‍ക്കോണ്‍ ഹെെപ്പര്‍സോണിക് മിസെെലുകള്‍ പരീക്ഷിച്ച് റഷ്യ. ബാരന്റ്സ് കടലിൽ നിലയുറപ്പിച്ചിരുന്ന അഡ്മിറൽ ഗോർഷ്‍കോവ് യുദ്ധക്കപ്പലില്‍ നിന്നാണ് പരീക്ഷണം നടത്തിയത്. ആർട്ടിക്കിലെ വൈറ്റ് സീയിൽ 1,000 കിലോമീറ്റർ (625 മൈൽ) അകലെയുള്ള ലക്ഷ്യത്തിൽ വിജയകരമായി പതിച്ചതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയ ആയുധങ്ങളുടെ പരീക്ഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. മൂന്ന് മാസമായി തുടരുന്ന സെെനിക നടപടിയില്‍, റഷ്യ കാര്യമായ മുന്നേറ്റം നടത്തുന്ന സാഹചര്യത്തിലാണ് സിര്‍ക്കോണിന്റെ ഏറ്റവും പുതിയ പരീക്ഷണം.

പരമാവധി 1000 കിലോമീറ്റര്‍ ദൂരത്തുള്ള ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയുന്ന സിര്‍ക്കോണിന് ശബ്ദത്തേക്കാള്‍ അ‌ഞ്ച് മുതല്‍ പത്തിരട്ടി വരെയാണ് വേഗത. കിൻസാൽ, ഡാഗർ ഹൈപ്പർസോണിക് മിസൈലുകള്‍ ഉപയോഗിച്ചതായി റഷ്യ സമ്മതിച്ചിരുന്നു. അതിനിടെ, കിഴക്കന്‍ മേഖലയില്‍ നിന്ന് പിന്മാറേണ്ടി വരുമെന്ന് ഉക്രെ‍യ്ന്‍ സെെന്യം അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ സൈന്യം കിഴക്കന്‍ ഉക്രെയ്‍ൻ നഗരമായ ലുഹാന്‍സ്‍ക് ലക്ഷ്യമാക്കി ഇപ്പോഴും സൈനിക വിന്യാസം നടത്തുകയാണെന്നും തങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റാതെ ഈ മേഖലയില്‍ നിന്നും പിന്മാറേണ്ടിവരുമെന്നുമാണ് ഉക്രെയ്‍ന്‍ അറിയിച്ചിരിക്കുന്നത്. പിന്മാറാതെ മറ്റ് വഴികളില്ലെന്ന് ലുഹാൻസ്‍ക് ഗവർണർ സെർഹി ഗൈഡായും പറഞ്ഞു. 

റഷ്യയുടെ ഏറ്റവും ഒടുവിലത്തെ ഷെല്ലാക്രമണത്തിൽ 14 നിലയുള്ള കെട്ടിടങ്ങൾ തകർന്നതായും സെവെറോഡോനെറ്റ്സ്‍കിലെ 90 ശതമാനം കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും ഗൈഡായി പറഞ്ഞു. അ­തിനിടെ പ്രദേശത്തെ റ­ഷ്യന്‍ വിമത സൈന്യം സെവെറോഡോനെറ്റ്‌സ്‍കിന്റെ പടിഞ്ഞാറുള്ള ലൈ­മന്റെ നിയന്ത്രണം ഏറ്റെടുത്തതായി അവകാശപ്പെട്ടു. ലൈമന്റെ ഭൂരിഭാഗവും റഷ്യ പിടിച്ചെടുത്തുവെന്നും എന്നാൽ തെക്ക് പടിഞ്ഞാറുള്ള സ്ലോവിയൻസ്‌കിലേക്കുള്ള മുന്നേറ്റം തങ്ങളുടെ സൈന്യം തടയുകയാണെന്ന് ഉക്രെയ്‍നും പ്രതികരിച്ചു. 

Eng­lish Summary;Russia tests hyper­son­ic mis­siles again
You may also like this video

Exit mobile version