Site iconSite icon Janayugom Online

ആണവോര്‍ജ ക്രൂയിസ് മിസെെല്‍ പരീക്ഷിച്ച് റഷ്യ

ബ്യൂറെവെസ്റ്റ്‌നിക് ക്രൂ­യിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി റഷ്യന്‍ പ്രസി‍ഡന്റ് വ്ലാദിമിര്‍ പുടിന്‍. റഷ്യന്‍ സായുധ സേനാ മേധാവി ജനറൽ വലേരി ജെറാസിമോവുമായുള്ള കൂടിക്കാഴ്ചയിലാണ് പുടിന്റെ പ്രഖ്യാപനം. ക്രെംലിൻ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളും ഇതോടൊപ്പം ഉണ്ടായിരുന്നു. ഒക്ടോബർ 21 നാണ് പരീക്ഷണം നടന്നതെന്ന് റിപ്പോർട്ടുണ്ട്. മിസൈൽ 14,000 കിലോമീറ്റർ (8,700 മൈൽ) സഞ്ചരിച്ചുവെന്നും 15 മണിക്കൂറിലധികം സഞ്ചാര ശേഷിയുണ്ടെന്നും വലേരി ജെറാസിമോവ് പറഞ്ഞു. “ലോകത്തിൽ മറ്റാർക്കും ഇല്ലാത്ത അതുല്യ ആയുധം” എന്നാണ് പുടിൻ മിസൈലിനെ വിശേഷിപ്പിച്ചത്. അന്തിമ പരീക്ഷണങ്ങൾ ആരംഭിക്കാനും വിന്യാസത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും അദ്ദേഹം ജെറാസിമോവിനോട് നിർദ്ദേശിച്ചു. 

ആണവ എന്‍ജിന്‍ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബ്യൂറെവെസ്റ്റ്‌നിക്കിന് ന്യൂക്ലിയർ വാർഹെഡ് വഹിക്കാൻ കഴിവുള്ളതായും പറയപ്പെടുന്നു. ആയുധ നിയന്ത്രണ വിദഗ്ധർ ഇതിനെ “പറക്കുന്ന ചെർണോബിൽ” എന്നാണ് വിശേഷിപ്പിക്കുന്നത്. രൂപകല്പനയിലെ പ്രത്യേകത കൊണ്ട് പറക്കുമ്പോള്‍ റേഡിയോ വികിരണങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയും ബ്യൂറെവെസ്റ്റ്‌നിക്കിനുണ്ട്. നാറ്റോ എസ്എസ്‍­സി- എക്സ് 9 സ്കൈഫാൾ എന്നാണ് ബ്യൂറെവെസ്റ്റ്‌നിക്കിനെ വിളിച്ചിരുന്നത്.
പരമ്പരാഗത ക്രൂയിസ് മിസൈലുകളേക്കാൾ കൂടുതൽ ദൂരം സഞ്ചരിക്കാനും കൂടുതൽ സമയം വായുവിൽ തുടരാനും അനുവദിക്കുന്ന തരത്തിലാണ് മിസൈലിന്റെ ന്യൂക്ലിയർ പ്രൊപ്പൽഷൻ സിസ്റ്റം രൂപകല്പന ചെയ്തിരിക്കുന്നത്. 

മിസൈലിന്റെ പ്രതീക്ഷിക്കുന്ന ക്രൂയിസിങ് ഉയരം 50 മുതൽ 100 ​​മീറ്റർ വരെയാണ്. 2019 ഓഗസ്റ്റിൽ ഉണ്ടായ അപകടത്തില്‍ ആണവ ആയുധ നിര്‍മ്മാണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അഞ്ച് റഷ്യൻ ശാസ്ത്രജ്ഞർ മരിച്ചിരുന്നു. ഈ സംഭവം ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് ആണവ വികിരണം പുറപ്പെടുവിച്ചതായി സംശയിക്കുന്നുണ്ട്. അപകടത്തിന് ബ്യൂറെവെസ്റ്റ്‌നിക് പരീക്ഷണവുമായി ബന്ധമുണ്ടെന്ന് അക്കാലത്ത് യുഎസ് രഹസ്യാന്വേഷണ വൃത്തങ്ങൾ വിശ്വസിച്ചിരുന്നു.

Exit mobile version