Site iconSite icon Janayugom Online

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പിന്മാറുമെന്ന് റഷ്യ

അന്താരാഷ്ട്ര ബഹിരാകാശ നിലയം വിടാനുള്ള നീക്കവുമായി റഷ്യ. 2024 ന് ശേഷം ബഹിരാകാശ നിലയത്തില്‍ നിന്ന് പിന്‍വാങ്ങുമെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ പുതിയ മേധാവി യൂറി ബോറിസോവ് പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെ അറിയിച്ചു. തീരുമാനത്തിന് പുടിന്‍ അനുകൂല മറുപടി നല്‍കിയതായി ക്രെംലിന്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറഞ്ഞു. 

സ്വന്തം നിലയില്‍ പര്യവേഷണ നിലയം സ്ഥാപിക്കാനുള്ള നീക്കത്തിലാണെന്നും ബോറിസോവ് സൂചന നല്‍കി. ഉക്രെയ്‍നിലെ സെെനിക നടപടിക്കു ശേഷം റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം കടുപ്പിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. പാശ്ചാത്യ രാജ്യങ്ങളുമായുള്ള റഷ്യയുടെ അഭിപ്രായ വ്യത്യാസങ്ങള്‍ ബാധിക്കാത്ത ചുരുക്കം ചില മേഖലകളിലൊന്നായിരുന്നു ബഹിരാകാശ പര്യവേഷണം. 

സെെനിക നടപടിക്കു പിന്നാലെ അമേരിക്ക റഷ്യൻ ബന്ധം കൂടുതൽ വഷളായപ്പോൾ അന്നത്തെ റോസ്‌കോസ്‌മോസ് മേധാവി റോഗോസിൻ ഐഎസ്എസിലെ സഹകരണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അഞ്ച് ബഹിരാകാശ ഏജൻസികൾ ചേർന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം പരിപാലിക്കുന്നത്. നാസയ്ക്കും റോസ്‌കോസ്‌മോസിനും പുറമെ കാനഡയുടെ സിഎസ്എയും യൂറോപ്യൻ രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസിയായ ഈസയും ജപ്പാന്റെ ജാക്സസയും പദ്ധതിയുടെ ഭാഗമാണ്. റഷ്യ നിയന്ത്രിക്കുന്ന റഷ്യൻ ഓർബിറ്റൽ സെഗ്‌മെന്റും അമേരിക്കയും മറ്റ് പങ്കാളി രാഷ്ട്രങ്ങളും ചേർന്ന് നിയന്ത്രിക്കുന്ന യുണൈറ്റ് സ്റ്റേറ്റ്സ് ഓർബിറ്റൽ സെഗ്‌മെന്റും ചേർന്നതാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. 

Eng­lish Sum­ma­ry: Rus­sia to with­draw from Inter­na­tion­al Space Station
You may also like this video

Exit mobile version