റഷ്യ- ഉക്രെയ‍്ന്‍ സംഘര്‍ഷത്തിന് പരിഹാരമുണ്ടാകണമെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ. സംഘര്‍ഷത്തില്‍ പങ്കാളികളായിട്ടില്ലാത്ത രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു സമാധാന സംഘത്തെ രൂപീകരിക്കണമെന്നും പ്രശ്ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും ലുല ആവശ്യപ്പെട്ടു. വിഷയം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി സംസാരിച്ചിരുന്നെന്നും ലുല വ്യക്തമാക്കി. തന്റെ ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ലുല ചൈനയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഏഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ അബുദാബിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ലുല ഇക്കാര്യങ്ങള്‍ പറഞ്ഞത്. യുദ്ധത്തിലുപരി സമാധാനത്തെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറുള്ള കുറച്ച് നേതാക്കളെ ഒന്നിച്ച് ചേര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് ലുല പറഞ്ഞത്.
യുദ്ധം മാനവരാശിക്ക് ഒരു ഗുണവും നല്‍കില്ലെന്നും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനമാണ് മികച്ച മാര്‍ഗമെന്ന് ഇരു രാജ്യങ്ങളെയും ബോധ്യപ്പെടുത്താന്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ശ്രമിക്കണം, സില്‍വ പറഞ്ഞു. സംഘര്‍ഷത്തില്‍ അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും ഇടപെടലുകളുടെ നിശിത വിമര്‍ശകനാണ് സില്‍വ. യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് അമേരിക്കയുടേത് എന്നാണ് ലുലയുടെ ആരോപണം.
യുദ്ധാവശ്യങ്ങള്‍ക്കായി ആയുധങ്ങള്‍ നല്‍കുന്ന രാജ്യങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പിക്കണമെന്നും ലുല ആവശ്യപ്പെട്ടിരുന്നു. റഷ്യ സെെനിക നടപടി ആരംഭിച്ചത് മുതല്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉക്രെയ‍്ന് ആയുധങ്ങള്‍ നല്‍കുന്നുണ്ട്. യുദ്ധവുമായി ബന്ധപ്പെട്ട് ഒരു രാജ്യത്തിനും ആയുധങ്ങള്‍ നല്‍കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷമാദ്യം ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കിയെ സില്‍വ ഫോണില്‍ വിളിച്ചിരുന്നു. കഴിഞ്ഞ ദിവസം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ബ്രസീല്‍ സന്ദര്‍ശിച്ചിരുന്നു.
English Summary:Russia-Ukraine conflict: Lula da Silva wants to form a peace group
You may also like this video